പയ്യന്നൂര്‍: ആദ്യരാത്രിയില്‍ വരന്റെ വീട്ടില്‍ നിന്നും മോഷണം പോയ നവവധുവിന്റെ 30 പവന്റെ ആഭരണങ്ങള്‍ തിരിച്ചു കിട്ടിയ സംഭവത്തിന് പിന്നിലെ മോഷ്ടാവിനെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍. മോഷ്ടാവ് ദൂരെയല്ല എന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് സംഭവത്തിന് പിന്നിലെ ദുരൂഹതയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
മേയ് ഒന്നിനാണ് കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുനന്റെ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആര്‍ച്ച എസ്.സുധിയുടെ 30 പവന്റെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട സംഭവമുണ്ടായത്. വിവാഹ ദിവസം വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ നവവധു അഴിച്ചു വെച്ചിരുന്ന ആഭരണങ്ങളാണ് പിറ്റേ ദിവസം നോക്കിയപ്പോള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. 20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായുള്ള നവവധുവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത നാട്ടുകാരില്‍ പലരേയും പോലീസ് ചോദ്യം ചെയ്തിരുന്നു.തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പോലീസ് വീണ്ടും സംഭവസ്ഥലത്തെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തിയത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന കൂട് മാറ്റിയ നിലയിലായിരുന്നു നഷ്ടപ്പെട്ട വളകളും മാലകളും കണ്ടെത്തിയത്.
ഇതോടെ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായുള്ള സൂചനകള്‍ നാട്ടുകാരുടെ സംശയം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്നലെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നുവെച്ചതിലൂടെ മോഷ്ടാവ് ദൂരെയല്ലെന്നും വ്യക്തമാവുന്നു. എന്നിട്ടുമെന്തേ മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസിന് താമസമെന്നാണ് നാട്ടുകാരുടെ ചോദ്യം. പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്ഐ പി.യദു കൃഷ്ണനും സംഘവും നടത്തിയ അന്വേഷണം പ്രതിയിലേക്കെത്തിയപ്പോഴാണ് സ്വര്‍ണം തിരിച്ചെത്തിയതെന്നാണ് അനുമാനം.