തിരുവനന്തപുരം: ഓണറേറിയവും ഇൻസെന്റീവും മുടങ്ങിയതിൽ പ്രതിഷേധിച്ച് നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങി ആശ പ്രവർത്തകർ. നാളെ രാവിലെ പത്തിന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എൻഎച്ച്എം ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
നാളെ സെക്രട്ടേറിയേറ്റിന് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ഫെബ്രവുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഓണറേറിയവും ഇൻസെന്റീവും മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആശ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ നിരവധി പേർക്ക് ഫെബ്രുവരിയിലെ വേതനം നൽകിയിട്ടില്ലെന്നും ആശപ്രവർത്തകർ പറഞ്ഞു.
ഓണറേറിയം വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശ പ്രവർത്തകർ നടത്തുന്ന സമരം മൂന്ന് മാസത്തോടടുക്കുകയാണ്. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സമര യാത്രയുമായി മുന്നോട്ട് പോകുകയാണ് ആശ പ്രവർത്തകർ.