മൂന്നാംഘട്ട കോവിഡ് വ്യാപനം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല ! കാരണമായി വിദഗ്ധര്‍ പറയുന്നത് രാജ്യത്ത് സംഭവിച്ച ഈ കാര്യങ്ങള്‍…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മൂന്നാംതരംഗ ഭീതി നിലനില്‍ക്കുന്നുമുണ്ട്.

ആരോഗ്യ സംവിധാനത്തെയാകെ ഗുരുതരമായി ബാധിച്ച രണ്ടാം തരംഗത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത ഘട്ട വ്യാപനത്തിനെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ കരുതുന്നതുപോലെ മൂന്നാംഘട്ട വ്യാപനം രാജ്യത്ത് അത്ര ശക്തമാകില്ലെന്നാണ് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

ഐ.സി.എം.ആറും , ലണ്ടനിലെ ഇംപീരിയല്‍ കോളേജും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ മൂന്നാംഘട്ട വ്യാപനം അത്ര ശക്തമാകില്ലെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്.

ഇതിന് കാരണം അതിദ്രുതം രാജ്യത്ത് നടത്തുന്ന വാക്സിനേഷനാണ്. പ്രതിദിനം 50-60 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നത്. ഇത് ഇനിവരുന്ന കൊവിഡ് തരംഗങ്ങളെ ഒരുപരിധിവരെ തടയും.

2020 ജനുവരി മാസത്തിലായിരുന്നു ഇന്ത്യയില്‍ കോവിഡ് ഒന്നാം തരംഗം ആരംഭിച്ചത്. വളരെ മെല്ലെ പുരോഗമിച്ച ഒന്നാംഘട്ട വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയത് സെപ്തംബര്‍ മാസത്തോടെയാണ്. മരണനിരക്കിലും കുറവുണ്ടായിരുന്നു.

എന്നാല്‍ 2021 ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തമായാണ് രാജ്യത്ത് ബാധിച്ചത്. ഓക്സിജന്‍ ക്ഷാമവും ആശുപത്രികളില്‍ രോഗികളെ ചികിത്സിയ്ക്കാന്‍ സൗകര്യമില്ലായ്മയും മരണനിരക്കിലെ വര്‍ദ്ധനവും രണ്ടാംഘട്ടത്തില്‍ രാജ്യത്തെ വീര്‍പ്പുമുട്ടിച്ചു.

രണ്ടാംഘട്ട വ്യാപനത്തിന് കാരണം വ്യാപനശേഷി കൂടിയ ആല്‍ഫാ വകഭേദത്തിന്റെയും ഡെല്‍റ്റാ വകഭേദത്തിന്റെയും സാന്നിദ്ധ്യമായിരുന്നു. ഇതില്‍ ഡെല്‍റ്റാ വകഭേദം ഈയടുത്ത മാസങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിന്റെ മൂന്നാം തരംഗം നിലവില്‍ ബ്രിട്ടണ്‍, അമേരിക്ക ഉള്‍പ്പടെ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ രോഗം പടരാന്‍ കാരണം മറ്റ് ഘടകങ്ങളാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ രാജ്യത്ത് രണ്ടാംഘട്ട വ്യാപനം ശക്തമായ സ്ഥിതിക്ക് അതുപോലെ മൂന്നാംഘട്ടത്തില്‍ വ്യാപനത്തിന് സാദ്ധ്യതയില്ല. വൈറസിന് പടര്‍ന്നുപിടിക്കാന്‍ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്നതിനുളള സാദ്ധ്യതയുളള സാഹചര്യം ആവശ്യമാണ്.

മുമ്പ് രോഗം ബാധിച്ച ജനതയുടെ 30 ശതമാനത്തിനെങ്കിലും രോഗപ്രതിരോധ ശേഷി നഷ്ടപ്പെടണം. അല്ലെങ്കില്‍ രണ്ടാം ഘട്ട വ്യാപനം അവസാനിച്ച ഉടന്‍ ഓരോരുത്തരില്‍ നിന്നും നാലോ അഞ്ചോ ആളുകളിലേക്ക് രോഗവ്യാപനം ഉണ്ടാകണം.

രണ്ടാംഘട്ട വ്യാപനത്തിന് ശേഷം മൂന്ന് മാസം കൊണ്ട് ജനസംഖ്യയില്‍ 40 ശതമാനത്തിനും രണ്ട് ഡോസ് വാക്സിനും നല്‍കാനായാല്‍ വ്യാപനം തടയാം.

നിലവില്‍ കൊവിഡ് പ്രതിരോധ മാര്‍ഗമായ മാസ്‌ക് ഉപയോഗിക്കലും, ഒത്തുചേരലുകള്‍ നിയന്ത്രിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അടുത്ത ഘട്ട വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കും.

Related posts

Leave a Comment