തൃപ്പൂണിത്തുറ: ചൂരക്കാട് പടക്ക സ്ഫോടനത്തെ തുടർന്ന് ഒളിവിൽ പോയ കരയോഗം ഭാരവാഹികളെ പോലീസ് പിടികൂടി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച്ച വെടിക്കെട്ട് നടത്തിയ തെക്കുപുറം കരയോഗം പ്രസിഡന്റ് ഉൾപ്പെടെ 9 ഭാരവാഹികളാണ് കസ്റ്റഡിയിലായത്.
മൂന്നാറിൽ ഒളിവിലായിരുന്ന ഇവരെ ബുധനാഴ്ച്ച രാത്രിയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്ച പുലർച്ചെ 4.30 ഓടെ ഇവരെ സ്റ്റേഷനിലെത്തിച്ചു. ഭാരവാഹികളുടെ ഫോണുകൾ പിന്തുടർന്നിരുന്ന പോലീസിന് സംഘത്തിലുണ്ടായിരുന്ന ഒരാൾ വാട്ട്സ് ആപ്പ് നോക്കിയതിനെ തുടർന്നാണ് ഇവരുടെ ലൊക്കേഷൻ തിരിച്ചറിയാനായതെന്ന് പറയപ്പെടുന്നു.
അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് തെക്കുപുറം ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.
അതേ സമയം തെക്കുപുറത്തിന്റെ താലപ്പൊലി ദിനമായിരുന്ന കഴിഞ്ഞ ഞായറാഴ്ച്ച രാവിലെയും വൈകുന്നേരവും കൂട്ട വെടിയും രാത്രി വെടിക്കെട്ടും നടത്തിയിട്ടും കേസെടുക്കാതിരുന്ന പോലീസാണ് തിങ്കളാഴ്ച്ച വടക്കുംപുറത്തിന്റെ സംഭരണ കേന്ദ്രത്തിൽ സ്ഫോടനമുണ്ടായപ്പോൾ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന പേരിൽ കേസെടുത്തത്.
ക്ഷേത്രത്തിന്റെ പരിധിയിലുള്ള ഹിൽപ്പാലസ് പോലീസ് സ്റ്റേഷനുമായി നാല് ബസ് സ്റ്റോപ്പുകളുടെ അകലം മാത്രമേയുള്ളു. അതോടൊപ്പം രണ്ട് ബസ് സ്റ്റോപ്പുകളുടെ മാത്രം അകലത്തിലാണ് ഉദയംപേരൂർ പോലീസ് സ്റ്റേഷനും.
ക്ഷേത്രത്തിലെ വെടിക്കെട്ടെല്ലാം തൃപ്പൂണിത്തുറ ടൗൺ പ്രദേശം മുഴുവൻ വ്യക്തമായി കേൾക്കാമെന്നിരിക്കെയാണ് വെടിക്കെട്ടിന് ശേഷം കേസുമായി പോലീസെത്തിയത്.
അതോടൊപ്പം ഈയാഴ്ച്ച താലപ്പൊലി നടക്കേണ്ട മരട് കൊട്ടാരം അമ്പലത്തിലെ ഇരു ചേരുവാരങ്ങളുടെയും ഓഫീസിലും ഭാരവാഹികളുടെ വീടുകളിലും കഴിഞ്ഞ രാത്രി പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപകടം നടന്നു കഴിയുമ്പോഴുള്ള ഇത്തരം നടപടികൾ പ്രഹസനമാണെന്നാണ് നാട്ടുകാർ പറയുന്നത്.