തിരുവനന്തപുരം: മുൻ ഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച കേസിൽ അഞ്ചരവർഷത്തിന് ശേഷം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ഡിജിപി സുധേഷ് കുമാറിന്റെ മകൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പോലീസ് ഡ്രൈവർ ഗവാസ്കറിനെ കനകക്കു ന്നിൽ വച്ച് പ്രഭാതസവാരി നടത്തവെ സുധേഷ്കുമാറിന്റെ മകൾ മർദിച്ചെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അഞ്ചരവർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചത്.
സുധേഷ് കുമാർ ഒരു വർഷം മുൻപ് സർവീസിൽ നിന്നും വിരമിച്ചിരുന്നു. ഗവാസ്കറിനെതിരെ സുധേഷ് കുമാറിന്റെ മകളും പരാതി നൽകിയിരുന്നു. തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു പരാതി.
എന്നാൽ ഈ പരാതി പോലീസ് എഴുതി തള്ളി. ഗവാസ്കറിന്റെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും കുറ്റപത്രം നൽകിയില്ല. ഇതേ തുടർന്ന് ഹൈക്കോടതിയെ ഗവാസ്കർ സമീപിക്കുകയായിരുന്നു.
തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. പരാതി പിൻവലിക്കാൻ ഗവാസ്കറിന് നേരെ സമ്മർദം ഉണ്ടായെങ്കിലും പരാതി പിൻവലിച്ചില്ല.
സുധേഷ് കുമാറിന്റെ കുടുംബാംഗങ്ങൾ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഗവാസ്കർ സുധേഷ് കുമാറിനോട് പരാതി പറഞ്ഞതിലുള്ള വിരോധമാണ് മകൾ മർദിക്കാൻ കാരണമെന്നാണ് കേസ്. ഐപിസി 323 വകുപ്പ് പ്രകാരമാണ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്.