ചമ്പക്കുളം: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ തകർത്തത് കുട്ടനാടൻ കർഷകന്റെ പ്രതീക്ഷകൾ. കുട്ടനാട്ടിലെ നെടുമുടി, കൈനകരി, ചമ്പക്കുളം, എടത്വ കൃഷിഭവനുകളുടെ കീഴിൽ വരുന്ന പാടശേഖരങ്ങളിലാണ് പൊതുവേ രണ്ടാം കൃഷി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴമൂലം നെൽച്ചെടികൾ നിലംപൊത്തി.
ഈ വർഷം കാലവർഷത്തിന്റെ ആധിക്യം മൂലം സാധാരണയിലും താമസിച്ചാണ് രണ്ടാം കൃഷി ഇറക്കിയത്. ചിലയിടങ്ങളിൽ കീടശല്യം ഉണ്ടായെങ്കിലും പൊതുവേ നല്ല രീതിയിൽ കൃഷി നടന്നുവരുമ്പോഴാണ് ഇപ്പോഴത്തെ ന്യൂനമർദത്തെത്തുടർന്നുള്ള ശക്തമായ മഴ എത്തുന്നത്.
80 മുതൽ 90 ദിവസം വരെ പ്രായമായ നെൽച്ചെടികൾ കതിർവന്ന് പാൽ നിറയുന്ന അവസരത്തിൽ പെയ്യുന്ന മഴയത്ത് ചെടി ഒന്നാകെ വീണുപോകുന്നത് കർഷകരുടെ പ്രതീക്ഷകൾ മുഴുവൻ തകിടം മറിക്കുന്നു. ഇപ്പോൾ വീണുപോകുന്ന നെൽച്ചെടികൾ കൊയ്യാൻ പാകമാകുമ്പോഴേക്കും കിളിർക്കും. ഇത് നല്ല വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ്.
ഏക്കർ ഒന്നിന് 25 മുതൽ 30 ക്വിന്റൽ വരെ വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്കാണ് ഇങ്ങനെ പ്രകൃതിയുടെ അപ്രതീക്ഷിത പ്രഹരം ഉണ്ടാകുന്നത്. പല പാടശേഖരങ്ങളിലും മിക്ക കർഷകരുടെയും നെൽച്ചെടികൾ ഭാഗികമായി വീണിട്ടുണ്ട്. ചില ഇടങ്ങളിൽ ഭൂരിപക്ഷം കർഷകരുടെയും നെൽച്ചെടികൾ വീണു നശിച്ചു.
വെള്ളപ്പൊക്കത്തെ അതിജീവിച്ച് കൂടുതൽ മുതൽമുടക്കി കൃഷി ഇറക്കിയ കർഷകരാണ് ഇപ്രകാരം മഴയുടെ കെണിയിൽ വീണിരിക്കുന്നത്.കൃഷിക്കായി ചെലവഴിക്കേണ്ട മുഴുവൻ ചെലവും നടത്തിയതിനുശേഷം സംഭവിക്കുന്ന ഈ ദുരിതത്തിൽ നിന്ന് കർഷകർ രക്ഷപ്പെടണമെങ്കിൽ പാടശേഖരത്തിന്റെ പൊതുവിലുള്ള നഷ്ടം പരിഗണിക്കുന്ന രീതിയിൽനിന്നു മാറി ഓരോ കർഷകർക്കും സംഭവിച്ചിരിക്കുന്ന നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഏക്കർ ഒന്നിന് 35,000 മുതൽ 40,000 രൂപ വരെ ചെലവായിട്ടുള്ളപ്പോൾ പാട്ടകർഷകർക്ക് അതിൽ കൂടുതലും കൃഷിക്ക് ചെലവ് വന്നിട്ടുണ്ട്. സർക്കാരും കൃഷിവകുപ്പും യഥാസമയം വേണ്ട നടപടി സ്വീകരിച്ചെങ്കിൽ മാത്രമേ ഈ ദുരിതത്തിൽനിന്നു കുട്ടനാടൻ കർഷകർക്ക് മോചനമുള്ളൂ.

