തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിലൂടെ ജന്മം നൽകിയ കുഞ്ഞുങ്ങളുടെ എണ്ണം അഞ്ഞൂറിലേക്ക് കടന്നു. ആസാം സ്വദേശിയായ ജ്യോതി സൈഖിയ ആണ് കഴിഞ്ഞദിവസം തുറവൂർ താലൂക്ക് ആശുപത്രിയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിലൂടെ പ്രസവം 500 തികച്ചത്.
2022 മാർച്ച് 19നാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചത്.നിലവിൽ ആലപ്പുഴ ജില്ലയിൽ മെഡിക്കൽ കോളജ്, കടപ്പുറം വനിതാ ശിശു ആശുപത്രി എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് തുറവൂർ താലൂക്ക് ആശുപത്രിയിലാണ്
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലേബർ റൂം ഓപ്പറേഷൻ തിയറ്റർ എന്നിവ ഇവിടത്തെ സവിശേഷതകളാണ്. കൂടാതെ പ്രസവാനന്തരം ഡിസ്ചാർജ് ചെയ്യുന്ന അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും 2023 ജൂലൈ മുതൽ ഇവിടെ നിലവിലുണ്ട്.
ഡോ. രാധിക ഡി.എസ്, ഡോ. മിനി ഏബ്രഹാം, ഡോ. നീന ചന്ദ്രൻ, ഡോ. സിയാ ബക്കർ, ഡോ. വിനീത് മോഹൻ, ഡോ. അഞ്ജലി എന്നിവരുടെ നേതൃത്വത്തിലാണ് ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നത്.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനമാണ് തുറവൂർ താലൂക്ക് ആശുപത്രി.
കുറഞ്ഞകാലം കൊണ്ട് ഇത്രയും നേട്ടം കൈവരിച്ചതിന് ആശുപത്രി സൂപ്രണ്ടിനെയും ഗൈനക്കോളജി വിഭാഗം ജീവനക്കാരെയും അരൂർ എംഎൽഎ ദലീമ ജോജോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സാബു എന്നിവർ ആശുപത്രിയിലെത്തി അനുമോദിക്കുകയും കേക്ക് മുറിച്ച് മധുരം വിതരണം ചെയ്യുകയും ചെയ്തു.