10 വയസുകാരന്റെ ധൈര്യം മുത്തച്ഛനെ രക്ഷിച്ചു; എഴുപതടി താഴ്ചയിലേക്ക് വീണ ട്രാക്ടറില്‍ നിന്ന് വൃദ്ധനും ചെറുമകനും രക്ഷപ്പെട്ടതിങ്ങനെ

10-oledനെന്മാറ: സായൂജ് എന്ന പത്തുവയസുകാരന്റെ മനോധൈര്യം രക്ഷിച്ചെടുത്തത് തന്റെയും മുത്തച്ഛന്റെയും ജീവനാണ്. ഇന്നലെ വൈകിട്ടു നാലിനു നെല്ലിയാമ്പതി ഓറിയന്റല്‍ എസ്റ്റേറ്റിലേക്കു പോവുകയായിരുന്ന ട്രാക്ടര്‍ ചെറുനെല്ലി എസ്റ്റേറ്റിനു സമീപം നിയന്ത്രണം തെറ്റിയാണു കൊക്കയിലേക്കു വീണത്. മരത്തില്‍ തട്ടിനിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേക്കിറങ്ങിയില്ല. എഴുപതുകാരനായ മാണിക്കനും സായൂജുമായിരുന്നു ട്രാക്ടറില്‍. വീഴ്ചയുടെ ആഘാതത്തില്‍ മാണിക്കന്‍ ബോധരഹിതനായി.

ഇതേതുടര്‍ന്ന് സായൂജ് മുത്തച്ഛന്റെ മൊബൈലുമായി വള്ളികളില്‍ പിടിച്ചുകയറി റോഡിലെത്തി വിവരം അച്ഛന്‍ ശിവനെ ഫോണിലൂടെ അറിയിച്ചു.  ഇതിനിടെ അതുവഴി വന്ന  നൂറടിയിലെ വ്യാപാരി സുരേഷ് കുമാര്‍ സായൂജിനെ കണ്ടു. വിവരമറിഞ്ഞു  പൊലീസും കുടുംബാംഗങ്ങളുമുള്‍പ്പെടെ അനവധി പേര്‍ സംഭവസ്ഥലത്തെത്തി.

നാട്ടുകാരുടെ ശ്രമഫലമായി ആലത്തൂരില്‍നിന്ന് അഗ്‌നിശമനസേനയെത്തും മുന്‍പ്  മാണിക്കനെ പാതയിലെത്തിച്ചു. നെല്ലിയാമ്പതിയില്‍ ഡ്രൈവറാണ് നെന്മാറ ചാത്തമംഗലം ചെമ്മണങ്കാട് കുടുംബാംഗമായ മാണിക്കന്‍. മുത്തച്ഛനൊപ്പം അവധിദിനങ്ങള്‍ ചെലവഴിക്കാന്‍ പോയതായിരുന്നു ഒലിപ്പാറ സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സായൂജ്. ഇരുവരെയും ഉടന്‍ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയതിനു ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മാണിക്കനു തലയ്ക്കും കൈകള്‍ക്കും ഗുരുതര പരുക്കുകളുണ്ട്. സായൂജിന്റെ കയ്യിലും തലയിലുമാണു പരുക്ക്.

Related posts