വ്യാജ ട്രേഡിംഗ് ആപ്പില്‍ കുടുങ്ങി കൊച്ചിയില്‍ യുവാവിന് 27 ലക്ഷം രൂപ നഷ്ടമായി. കലൂര്‍ സ്വദേശിയായ 25കാരന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുബ്രനീര് ബാനര്‍ജി, സുജന്‍ രക്ഷിത്, ബസു എന്നിവരെ പ്രതിചേര്‍ത്താണു കേസെടുത്തിട്ടുള്ളത്. മൂവരും കോല്‍ക്കത്ത സ്വദേശികളാണെന്നാണു വിവരം.
ജൂണ്‍ 17നാണ് പ്രതികള്‍ പരാതിക്കാരനെ സമൂഹമാധ്യമം വഴി സമീപിക്കുന്നത്. പോപ്പീവേള്ഡ് എന്ന വെബ്സൈറ്റ് വഴി ട്രേഡ് ചെയ്താല്‍ നിക്ഷേപത്തിന് വലിയ ലാഭം നല്‍കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അന്നുതന്നെ 1600 യുഎസ് ഡോളറും 22ന് വീണ്ടും 6500 യുഎസ് ഡോളറും നിക്ഷേപിച്ചു.
പ്രതികള്‍ പരിചയപ്പെടുത്തിയ വെബ്സൈറ്റിലെ അക്കൗണ്ടില്‍ യുവാവിന്റെ നിക്ഷേപം ഓരോ ദിവസവും കൂടിവരുന്നതായും കാണിച്ചിരുന്നു. പിന്നീട് യുവാവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 27 ലക്ഷം രൂപ സുജന്‍ രക്ഷിതിന്റെ അക്കൗണ്ടിലേക്കു കൈമാറി.
എന്നാല്‍ വാഗ്ദാനം ചെയ്ത അത്രയും ലാഭം ലഭിക്കാതെ വന്നതോടെ നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടപാടുകാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫായിരുന്നു. ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ് പോലീസിനെ സമീപിക്കുകയായിരുന്നു.

