ന്യൂഡൽഹി: ട്രെയിന്‍ നിരക്കുകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള പ്രത്യേക ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുൻപുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചു.
നിരക്ക് വർധനയെ ചൊല്ലിയുള്ള യാത്രക്കാരുടെ നിരന്തരമായ സമ്മർദത്തെത്തുടർന്നാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഇളവ് ചെയ്തതിന് ശേഷം റെയിൽവേ പ്രത്യേക ട്രെയിനുകൾ മാത്രമാണ് ഓടിച്ചിരുന്നത്.
ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികളിലും ഉയർന്നനിരക്കാണ് ഈടാക്കിയിരുന്നത്. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സര്‍വീസ് സ്ഥിരം യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക് അയച്ച കത്തിൽ റെയിൽവേ വ്യക്തമാക്കി. ഉത്തരവ് ഉടനടി നടപ്പാക്കാനാണ് നിര്‍ദേശമെങ്കിലും പഴയ സ്ഥിതിയിലേക്ക് മാറാന്‍ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നാണ് റെയില്‍വേ അധികൃതർ വിശദീകരിക്കുന്നത്.