കാക്കനാട്: തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സണിന്റെ ചേംബർ ഡോർ ലോക്ക് നന്നാക്കിയതുമായി ബന്ധപ്പെട്ട് നടന്ന കൂട്ടത്തല്ലിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ.
കോൺഗ്രസിലെ സി.സി. വിജു, സിപിഐയിലെ എം.ജെ. ഡിക്സസൺ എന്നിവരെയാണ് ഇന്നു രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് തൃക്കാക്കര നഗരസഭ വീണ്ടും കലഹ സഭയായത്. താൽക്കാലിക നിയമനം, തെരുവ് നായ് പ്രശ്നം, പണക്കിഴിവിവാദം എന്നീ വിഷയങ്ങളിൽ വിവാദത്തിലും പ്രക്ഷോഭങ്ങളിലും പെട്ട് നഗരസഭ പ്രവർത്തനങ്ങൾ ആറ് മാസത്തോളം പ്രതിസന്ധിയിലായിരുന്നു.
നഗരസഭ അധ്യക്ഷയുടെ ചേംബറിന്റെ ഡോർ ലോക്ക് നന്നാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം കൊഴുക്കുന്നത്.
പണക്കിഴിവിവാദത്തിനിടയിലാണ് ചേംബറിന്റെ ഡോർ ലോക്ക് കേടായത്. പണക്കിഴിവാദവുമായി ബന്ധപ്പെട്ട് ചെയർപേഴ്സണെ ചേംബറിൽ പ്രതിപക്ഷം പലവട്ടം തടഞ്ഞുവയ്ക്കുകയും ചേംബറിനു മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.
അതിനു ശേഷം സമാധാന അന്തരീക്ഷമായിരുന്നുവെങ്കിലും ഇപ്പോൾ 8000 രൂപയുടെ കൂലിസംബന്ധിച്ചാണ് വീണ്ടും കൗൺസിൽ കലഹം തുടങ്ങിയിട്ടുള്ളത്.
ചേംബറിന്റെ ഡോർ ലോക്ക് കേടാക്കിയത് ഭരണപക്ഷ കൗൺസിലറിൽ ചിലരാണെന്നും അതിന് തെളിവുണ്ടെന്ന് പ്രതിപക്ഷവും, പ്രതിപക്ഷ കൗൺസിലർമാരിൽ ചിലരാണെന്ന് ഭരണപക്ഷ ആരോപണമാണുള്ളത്.
പൊതുമുതൽ നശിപ്പിച്ച വരിൽനിന്നും നഷ്ടം ഈടാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഈ വിഷയം വോട്ടിനിട്ട് ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് തീരുമാനിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് ഭരണപക്ഷത്തെ നാല് കൗൺസിലർമാർ ചേർന്നതോടെയാണ് പ്രതിപക്ഷ ബഹളത്തിന് ആർജവം കൂടിയത്.
ഇതോടെയാണ് കൗൺസിൽ ഹാളിൽ കൂട്ടത്തല്ല് നടന്നത്. കോൺഗ്രസിലെ നാല് എ വിഭാഗക്കാർ പ്രതിപക്ഷത്തോടോപ്പം ചേർന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്ണ്.
ഇതിനെതിരേ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. ലീഗിലെ കൗൺസിലർമാർക്കും ഭരണപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാടിൽ അഭിപ്രായ വ്യത്യാസമുണ്ട്.
ഭരണപക്ഷത്തെ എല്ലാ വരേയും ഒന്നിച്ചു നിർത്തുന്നതിൽ യുഡിഎഫ് സംവിധാനം പരാജയമാണെന്ന് കോൺഗ്രസ് അംഗങ്ങളിൽ സംസാരമുണ്ട്.