ഞാന്‍ ഡയലോഗ് പറയുമ്പോള്‍ എന്റെ മുഖത്തു നോക്കിയാല്‍ ഉടന്‍ നിവിനു ചിരി പൊട്ടും; അതുകൊണ്ട് എനിക്കു മുഖം തരാതെയാണ് അഭിനയം; ഹേയ് ജൂഡിന്റെ സെറ്റില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് തൃഷ

പാലക്കാട്ടുകാരി തൃഷാ കൃഷ്ണന്‍ താരമായത് തമിഴ് സിനിമാലോകത്താണ്. എന്നാല്‍ ഇപ്പോള്‍ ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളികളുടെയും മനം കവര്‍ന്നിരിക്കുകയാണ്. ഹേയ് ജൂഡിന്റെ സെറ്റില്‍ സംഭവിച്ച രസകരമായ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നു പറയുകയാണ് നടി. താന്‍ ജനിച്ചു വളര്‍ന്നത് ചെന്നൈയിലാണെങ്കിലും തന്റെ പൂര്‍വികരെല്ലാം പാലക്കാടാണുള്ളതെന്നും തൃഷ പറയുന്നു. ”ഞങ്ങളുടെത് പാലക്കാടന്‍ അയ്യര്‍ കുടുംബമാണ്. അച്ഛന്‍ കൃഷ്ണനും അമ്മ ഉമയും പാലക്കാട് കല്‍പ്പാത്തിയിലാണ് ജനിച്ചു വളര്‍ന്നത്. വീട്ടിലായിരിക്കുമ്പോള്‍ അവര്‍ രണ്ടാളും സംസാരിച്ചിരുന്നത് മലയാളമാണ്. മുത്തശ്ശിയുടെ വീട് മൂവാറ്റുപ്പുഴയിലാണ്. പക്ഷേ കേരളവുമായി എനിക്കുള്ള ബന്ധം ആര്‍ക്കും അറിയില്ല”. തൃഷ പറയുന്നു.

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ ആലപ്പുഴക്കാരിയായാണ് തൃഷ വേഷമിട്ടത്. ആ സിനിമയില്‍ മലയാളത്തില്‍ സംസാരിക്കുന്നുമുണ്ട്. എന്നാല്‍ മലയാളം സംസാരിക്കാന്‍ അറിയില്ലയെന്നും അച്ഛനും അമ്മയും മലയാളം പറഞ്ഞിരുന്നെങ്കിലും തന്നോട് തമിഴിലാണ് സംസാരിച്ചിരുന്നതെന്നും തൃഷ പറയുന്നു. എന്നാല്‍ മലയാളം കേട്ടാല്‍ മനസ്സിലാകുമെന്നും താരം വ്യക്തമാക്കി.

ഹേയ് ജൂഡിന്റെ ഷൂട്ടിങ് സമയത്ത് തന്റെ മലയാളം ഷൂട്ടിംഗ് സെറ്റില്‍ ചിരി പടര്‍ത്തിയെന്നും നിവിനുമായുള്ള കോമ്പിനേഷന്‍ സീനുകളാണ് ഏറ്റവും വലിയ കോമഡി എന്നും തൃഷ പറയുന്നു. ഞാന്‍ ഡയലോഗ് പറയുമ്പോള്‍ എന്റെ മുഖത്തു നോക്കിയാല്‍ ഉടനു നിവിനു ചിരി പൊട്ടും. അതുകൊണ്ട് എനിക്കു മുഖം തരാതെയാണ് അഭിനയം. ഒരു സീനില്‍ നിവിനോട് ‘ഞാന്‍ ഇപ്പോ വരാം’ എന്നു പറയണം. ടേക്കെടുത്തപ്പോള്‍ മലയാളവും തമിഴുമായി കൂട്ടിക്കുഴച്ച് ഒരുവിധം പറഞ്ഞൊപ്പിച്ചത് ‘ണാണ്‍ ഇപ്പോ വറേന്‍’ എന്നായിപ്പോയി. നിവിന്റെ ഡയലോഗിനായി നോക്കി നിന്ന ഞാന്‍ കേട്ടതൊരു പൊട്ടിച്ചിരി. നിവിന്റെ നിര്‍ത്താതെയുള്ള ചിരികണ്ടിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ക്യാമറയ്ക്കു പിന്നില്‍ ശ്യാം സാറും ചിരിക്കുന്നു. അപ്പോഴാണ് അബദ്ധം പറ്റിയെന്ന് എനിക്ക് മനസ്സിലായത്. ഹേ ജൂഡില്‍ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഗായിക സയനോരയാണ്. ചിത്രം ഹിറ്റാവുകയും ചെയ്തു.

 

Related posts