ഇന്നലെ അര്‍ധരാത്രിമുതല്‍ മല്‍സ്യതൊഴിലാളികള്‍ പ്രതീക്ഷയുടെ ആഴക്കടലിലേക്ക് വീണ്ടും ഇറങ്ങിത്തുടങ്ങി. മാറി വരുന്ന കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും വെല്ലുവിളി ഉയര്‍ത്തുമ്പോഴും പ്രതീക്ഷ ഇവര്‍ക്ക് വാനോളമാണ്. 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം 31ന് അർധരാത്രിയാണ് അവസാനിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്ന തിരക്കിലായിരുന്നു ഇന്നലെ മത്സ്യത്തൊഴിലാളികൾ.
യന്ത്രവൽകൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4,200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഏതാണ്ട് 400 ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. എല്ലാ ബോട്ടുകളും ഒരുമിച്ച് നിർത്തിയിട്ട് സാധനങ്ങൾ കയറ്റാൻ ഹാർബറിൽ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് മുൻകൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കുകയായിരുന്നു.
കഴിഞ്ഞ സീസൺ മോശമായതിനാൽ ഇന്ധനം നിറയ്ക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത ഒട്ടേറെ ബോട്ടുകാരുണ്ട്. ഇവർ വായ്പയെടുത്തും ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയും ബോട്ടുകൾ കടലിൽ ഇറക്കാനുള്ള പരിശ്രമത്തിലാണ്. മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂണിലെ ആഴക്കടൽ മത്സ്യബന്ധനം തടഞ്ഞ് മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്.
കൊച്ചിയിലും അഴീക്കലും അപകടത്തിൽപെട്ട കപ്പലുകളിലെ കണ്ടെയ്നറുകൾ പലതും കടലിന്റെ അടിത്തട്ടിൽ കിടക്കുന്നതിനാൽ കടലിൽ ട്രോളിംഗ് നടത്തുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. മീൻ പിടിക്കാൻ വിരിക്കുന്ന വല കണ്ടെയ്നറുകളിൽ ഉടക്കി നശിക്കാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
മുന്നറിയിപ്പുമായി അധികൃതര്‍…
എല്ലാ മത്സ്യബന്ധന യാനങ്ങളും അധികൃതരുടെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മാത്രമേ കടലിൽ പോകാവൂവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് കൈവശംവയ്ക്കുകയും ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകുകയും വേണം.
മത്സ്യമേഖലയിൽ ജോലിചെയ്യുന്ന അതിഥി ത്തൊഴിലാളികൾ നിർബന്ധമായും അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. എല്ലാ ബോട്ടുകളിലും ട്രാൻസ്പോണ്ടർ ഘടിപ്പിക്കുകയും പുതുക്കിയ ലൈസൻസ് സർട്ടിഫിക്കറ്റ്/പകർപ്പ്, രജിസ്ട്രേഷൻ, ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നിരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ, ആവശ്യമായ കുടിവെള്ളം എന്നിവ കരുതുകയും വേണം. കളർ കോഡിങ്ങും കേരള സമുദ്ര മത്സ്യബന്ധന യാന നിയന്ത്രണ നിയമവും പാലിക്കണം.
നിയമാനുസൃത വലിപ്പത്തിൽ കുറഞ്ഞ മത്സ്യങ്ങൾ പിടിക്കരുത്. നിയമം ലംഘിക്കുന്ന യാനങ്ങൾക്കെതിരേ കർശന നിയമ നടപടിയെടുക്കുമെന്നും അറിയിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ട്രോളിംഗ് നിരോധന കാലയളവിൽ കടലിൽ പോയെങ്കിലും കനത്ത മഴയും പ്രതികൂല കാലാവസ്ഥയുംമൂലം മീൻലഭ്യത കുറവായിരുന്നു. ലഭ്യത കുറവായത് മീനിന്റെ വിലയിലും വലിയ വർധനയുണ്ടാക്കി. കായൽ, പുഴ മീനുകൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. നിരോധനം അവസാനിക്കുമ്പോൾ കൂടുതൽ മീൻ ലഭിക്കുന്നതോടെ വിലയിലും മാറ്റമുണ്ടാകും. ബോട്ടുകൾ കടലിലിറങ്ങുന്നതോടെ മീൻപിടിത്ത തുറമുഖങ്ങളും മത്സ്യബന്ധന അനുബന്ധ കേന്ദ്രങ്ങളും സജീവമാകും.
സ്വന്തം ലേഖകന്‍