വാഷിംഗ്ടൺ ഡിസി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു. അമേരിക്കയെപ്പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിൽ പറയുന്നു.
മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ കുറിപ്പിലുണ്ട്. അമേരിക്കയിൽ മൂന്നാം കക്ഷി ഒരിക്കലും വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു.മസ്ക് തന്റെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു. മസ്കിന്റെ പാർട്ടിയിൽ പ്രമുഖരായ മൂന്ന് അമേരിക്കക്കാർ ചേരുമെന്നാണ് ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയി’നെ പിന്തുണയ്ക്കുന്ന ലോറ ലൂമറിന്റെ എക്സ് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക് രംഗത്തുവന്നത്. ‘അമേരിക്ക പാർട്ടി’ എന്നാണ് പാർട്ടിയുടെ പേര്. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്ക് എക്സിൽ കുറിച്ചിരുന്നു.