ക്വാലാലംപുര്‍: പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും ‘മഹാന്മാര്’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുഎസ് ഉടന്‍ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു. തായ്ലന്ഡ്-കംബോഡിയ സമാധാന ഉടമ്പടിയില്‍ മധ്യസ്ഥത വഹിച്ച ശേഷം ക്വാലാലംപുരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ദീര്‍ഘകാലമായി കാത്തിരുന്ന സമാധാന കരാര്‍ ഒപ്പുവച്ചത്.
ശാശ്വതസമാധനം പുലരുന്ന കരാറാണിതെന്നും ട്രംപ് പറഞ്ഞു. എട്ടു മാസത്തിനുള്ളില്‍ തന്റെ ഭരണകൂടം അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളില്‍ ഒന്നാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട അഫ്ഗാന്-പാക് സംഘര്‍ഷങ്ങളിലും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു: ‘പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വീണ്ടും സംഘര്‍ഷഭരിതമായി.
പക്ഷേ, എനിക്കതു വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ഇരുരാജ്യങ്ങളെയും എനിക്കറിയാം. പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും ‘മഹാന്മാര്’ ആണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാനത്തിന്റെ പാതിയിലേക്കു വരും.’
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വയം അവകാശപ്പെട്ട ട്രംപ്, അധികാരമേറ്റശേഷം യുദ്ധങ്ങള്‍ നിര്‍ത്തിയതിന്റെ ബഹുമതി ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് തന്റെ ഇടപെടലാണെന്ന് പറഞ്ഞതും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, ഭീകരാക്രമണത്തിനു പ്രതികാരം ചെയ്യാന്‍ ആരംഭിച്ച ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്താന്‍ ഒരു ലോക നേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

