ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല, സ്ത്രീകളാണ് അച്ഛനെ മുതലെടുത്തത്; മഹാനടിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി ജെമിനി ഗണേശന്റെ മകള്‍…

പഴയകാല തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാവിത്രിയുടെ കഥ പറഞ്ഞ മഹാനടിയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി ജെമിനി ഗണേശന്റെ മകള്‍ ഡോ. കമല സെല്‍വരാജ്. ജെമിനി ഗണേശനെ അപമാനിക്കുകയും സാവിത്രിയെ മഹ്ത്വവല്‍ക്കരിക്കുകയുമാണ് സിനിമയില്‍ ചെയ്തിരിക്കുന്നതെന്ന് കമല ആരോപിച്ചു.

പണത്തിനു വേണ്ടി മഹാനടിയിലൂടെ സ്വന്തം അച്ഛനെയും അമ്മയെയും അപമാനിക്കുകയായിരുന്നു സാവിത്രിയുടെ മകള്‍ വിജയ ചെയ്തത്. വിജയ ഇങ്ങനെയൊരു ചിത്രം ചെയ്യുമെന്നു പറഞ്ഞപ്പോഴും ഇങ്ങനെയൊരു വളച്ചൊടിക്കല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും കമല പറഞ്ഞു.

സിനിമ നിരൂപക പ്രശംസ നേടി മുന്നേറുമ്പോഴാണ് ജെമിനി ഗണേശന്റെ മകള്‍ തന്നെ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ ജെമിനിയായി വേഷമിട്ട ദുല്‍ഖര്‍ സല്‍മാനും സാവിത്രിയായി വേഷമിട്ട കീര്‍ത്തി സുരേഷും ഏറെ കയ്യടി നേടുകയും ചെയ്തു.

കമലയുടെ വാക്കുകള്‍ ഇങ്ങനെ…അച്ഛന്‍ കാണാന്‍ വളരെ സുന്ദരനായിരുന്നു, വളരെ അധികം പഠിച്ച വ്യക്തിയായിരുന്നു, അന്ന് അച്ഛന് ചാക്കുകണക്കിന് പ്രേമലേഖനങ്ങളാണ് വന്നിരുന്നത്. വീട്ടില്‍ വേലക്കാരിയായി എങ്കിലും ജീവിച്ചാല്‍ മതിയെന്ന് വരെ പലരും പറഞ്ഞിട്ടിട്ടുണ്ട്.

ഇങ്ങനെ അച്ഛനെ തേടി വീട് വിട്ട് ഓടി വന്നവരെ തിരികെ വീട്ടില്‍ കൊണ്ടു വിടുന്നതും അച്ഛന്റെ ജോലിയായിരുന്നു. ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നത്.

ഈ സിനിമയില്‍ സ്ത്രീകളുടെ പിറകെ നടക്കുന്ന ആളായാണ് അച്ഛനെ കാണിച്ചത്. എന്റെ അച്ഛന്‍ അങ്ങനെയുള്ള ഒരാളല്ല. സ്ത്രീകള്‍ അദ്ദേഹത്തിന് പിന്നാലെയാണ് വന്നിരുന്നത്. ഇപ്പോള്‍ പോലും എനിക്ക് കോളുകള്‍ വരുന്നുണ്ട്, നിങ്ങളുടെ അച്ഛന്‍ ഒരു പെണ്ണിന്റെയും പുറകെ പോയിരുന്നില്ല എന്നും അത്രയ്ക്കും മഹാനായ ആളായിരുന്നുവെന്നും ഒക്കെ പറഞ്ഞ്.

അച്ഛന്റെ പുറകെ വന്നിരുന്ന സ്ത്രീകള്‍ അവിവാഹിതകളായിരുന്നു. അച്ഛന്‍ ആരുടെയും കുടുംബം തകര്‍ത്തിട്ടില്ല. അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും അറിഞ്ഞിരുന്നു. അവരാണ് കുടുംബം തകര്‍ത്തത്.

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമമായി. പണം എല്ലാവര്‍ക്കും അത്യാവശ്യമാണ് എന്നാല്‍ അതിനു വേണ്ടി സ്വന്തം അച്ഛനമ്മമാരെ മോശക്കാരാക്കുന്നത് ശരിയല്ല. അതും തലമുറകള്‍ കാണുന്ന ഒന്നാണത്. കാരണം ഇത് ജീവിച്ചിരുന്നവരുടെ കഥയാണ്. എന്റെ അച്ഛന്‍ അത്രയും മഹാനായ വ്യക്തിയാണ്. അങ്ങനെ ഒരാളെക്കുറിച്ച് ചീത്ത വാര്‍ത്തകള്‍ വരുന്നത് എത്ര കഷ്ടമാണ്. കമല പറയുന്നു.

Related posts