മദ്യനിരോധനത്തിനായി വന്‍ പ്രക്ഷോഭത്തിനൊരുങ്ങി തൃപ്തി ദേശായി ;താന്‍ പിന്തുടരുന്നത് ഗാന്ധിജിയുടെ പാതയെന്നും തൃപ്തി

trupti-dasaiമുംബൈ: സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്ന ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം സമരം നടത്തിയ തൃപ്തി ദേശായി പുതിയ സമരവുമായി വീണ്ടും രംഗത്ത്. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട്് വന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൃപ്തിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ്. മദ്യവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പൂനെയില്‍ നിന്ന് തുടക്കം കുറിക്കാനാണ് തൃപ്തിയുടെ പദ്ധതി.

മഹാരാഷ്ട്രയിലെ ബഹുഭൂരിപക്ഷം പുരുഷന്മാരും മദ്യം കഴിക്കുന്നവരാണ് ഇതുകൊണ്ടുള്ള ദുരിതം അനുഭവിക്കേണ്ടി വരുന്നത് അവരുടെ കുടുംബത്തിലെ സ്ത്രീകളും. അതുകൊണ്ടു തന്നെ സംസ്ഥാന വ്യാപകമായിട്ടാകും പ്രക്ഷോഭം നടത്തുകയെന്നും തൃപ്തി പറയുന്നു.  സംസ്ഥാനത്ത് ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നതിനാല്‍ ഇതിനെതിരെ ‘തായ്ഗിരി’ ഗ്രൂപ്പുകള്‍ രൂപീകരിക്കുമെന്നും തൃപ്തി പറഞ്ഞു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയില്‍ പൂര്‍ണ്ണമായും മദ്യനിരോധനം ഏര്‍പ്പെടുത്താമെങ്കില്‍ സംസ്ഥാനമൊട്ടാകെ ഏര്‍പ്പെടുത്താനാവുമെന്നും തൃപ്തി പറയുന്നു. ഇതില്‍ മഹാത്മാഗാന്ധിയുടെ പാതയാണ് താന്‍ പിന്തുടരുന്നതെന്നും ഈ കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും തൃപ്തി വ്യക്തമാക്കുന്നു.

Related posts