താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ജയഘോഷ്; യുഎഇ അറ്റാഷെയുടെ ഗണ്‍മാന്റെ മൊഴിയെടുക്കാന്‍ കസ്റ്റംസും എന്‍ഐഎയും എത്തും; ചെറുമീനുകളെ കുടുക്കി വന്‍സ്രാവുകളെ രക്ഷിച്ചെടുക്കാന്‍ ശ്രമമോ…

യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തോടെ സ്വര്‍ണക്കടത്തു കേസ് കൂടുതല്‍ സങ്കീര്‍ണമാവുന്നു. തുമ്പയിലെ വീടിന് 200 മീറ്റര്‍ അകലെ റോഡില്‍ കൈയില്‍ മുറിവേറ്റ നിലയിലാണ് ജയഘോഷിനെ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

യുഎഇ കോണ്‍സലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയുടെ ഗണ്‍മാനും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ ജയഘോഷിനെ വ്യാഴാഴ്ച രാത്രിയാണ് കാണാതായത്.

ജയ്‌ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തുമ്പ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുമ്പയിലെ വീട്ടില്‍നിന്നാണ് ഇയാളെ കാണാതായത്.

വ്യാഴാഴ്ച ഇയാളുടെ തോക്ക് പോലീസ് തിരിച്ചെടുത്തിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്.

സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായ അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയ രണ്ടു ദിവസം മുമ്പ് രഹസ്യമായി രാജ്യംവിട്ടിരുന്നു ഈ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഗണ്‍മാനെയും കാണാതായത്.

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയതിനെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണം പുരോഗമിക്കവെയാണ് അറ്റാഷെ രാജ്യം വിട്ടത്.

താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും സ്വര്‍ണക്കടത്തില്‍ തനിക്കു പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയ്ക്ക് ജയഘോഷ് പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞു. കസ്റ്റംസും എന്‍ഐഎയും ആശുപത്രിയില്‍ എത്തി ജയ്‌ഘോഷിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

നയതന്ത്ര പാര്‍സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്‌ന സുരേഷ് ഒട്ടേറെത്തവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്റെ തെളിവുണ്ട്. ഇതിനിടെ ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായി ജയഘോഷ് പറഞ്ഞതായി ഒരു ബന്ധു പറഞ്ഞു.

Related posts

Leave a Comment