കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ ഉമാ തോമസ് എംഎല്‍എക്ക് നേരെ സൈബര്‍ ആക്രമണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീര്‍ത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്.
അടുത്ത തവണ വീട്ടില്‍ ഇരുത്തണമെന്നും പരിക്കേറ്റപ്പോള്‍ രക്ഷപ്പെടണമെന്ന പ്രാര്‍ഥന തെറ്റായിരുന്നു എന്നുള്‍പ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎല്‍എ ആയതിന്റെ കുഴപ്പമെന്നും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുുകളുണ്ട്. ‘ഭര്‍ത്താവ് പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് എംഎല്‍എ ആയ ആളാണ് താങ്കള്‍, രാഷ്ട്രീയത്തില്‍ താങ്കള്‍ക്ക് വിവരമില്ലെ’ന്നുമുള്ള പ്രതികരണങ്ങളാണ് ചിലര്‍ പങ്കുവച്ചത്. രാഹുലിനെ പുറത്താക്കാന്‍ പറഞ്ഞാല്‍ ഉടനെ പുറത്താക്കാന്‍ പാര്‍ട്ടി നിങ്ങളുടെ തറവാട്ടു സ്വത്തല്ല.
സ്വന്തം പേരിനായാണ് രാഹുലിനെതിരെ ഉമാ തോമസ് സംസാരിക്കുന്നതെന്നും അതാണ് പാര്‍ട്ടിയുടെ ശാപമെന്നു’മാണ് മറ്റൊരു പ്രതികരണം. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്റ്. നന്ദി കാണിച്ചില്ലെങ്കിലും ‘പിന്നില്‍ നിന്ന് കുത്തരുത്, അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോണം’ എന്നടക്കമുള്ള കമന്റുകളും ഉയരുന്നുണ്ട്.
ഉമാ തോമസ് എംഎല്‍എയെ അനുകൂലിച്ചുള്ള നിലപാടുകളും പാര്‍ട്ടിയിലെ വാക്പോര് മുതലെടുത്തുകൊണ്ടുള്ള പ്രതികരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ഒരു നിമിഷം പോലും വൈകരുതെന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.
യുവതികളുടെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഒരു നിമിഷം മുമ്പ് തന്നെ രാജിവയ്ക്കണമെന്നും മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.കോണ്‍ഗ്രസ് സ്ത്രീകളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ വെന്നും ഉമാ തോമസ് വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രസ്ഥാനം ഒപ്പമുണ്ടെന്നാണ് അവര്‍ ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.