തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര് മൂര്‍ഛിച്ചു. സിന്‍ഡിക്കേറ്റ് ചേംബര്‍ ഹാള്‍ പൂട്ടി. വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേലാണ് ഹാള്‍ പൂട്ടിയത്. വിസിയുടെ നിര്‍ദേശങ്ങള്‍ പാലിക്കരുതെന്നാവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സര്‍വകലാശാലയിലെ ജീവനക്കാരെ സിന്‍ഡിക്കേറ്റ് ഹാളില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് വൈസ് ചാന്‍സിലറുടെ നടപടി.
സിപിഐ, കോണ്‍ഗ്രസ്, ബിജെപി അനുഭാവികളായ ജീവനക്കാരാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. തങ്ങളെ സിന്‍ഡിക്കേറ്റ് ഹാളില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്നുവെന്നാണ് ജീവനക്കാര്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് ചേംബര്‍ ഹാള്‍ പൂട്ടി താക്കോല്‍ സൂക്ഷിക്കാന്‍ നിലവിലെ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനോട് വിസി നിര്‍ദേശിക്കുകയായിരുന്നു.
സിന്‍ഡിക്കേറ്റ് കുടുമ്പോള്‍ മാത്രമാണ് അംഗങ്ങള്‍ക്ക് ഹാളിനകത്ത് പ്രവേശനം പാടുള്ളുവെന്നിരിക്കെ പുറത്ത് നിന്നുള്ള പലരും ഹാളില്‍ ഒത്തുകുടുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.വൈസ് ചാന്‍സിലറുടെ മുറിക്ക് സമീപത്താണ് സിന്‍ഡിക്കേറ്റ് ചേംബര്‍ ഹാള്‍. ജീവനക്കാരെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹാളില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി റജിസ്ട്രാര്‍ മിനി കാപ്പന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം വിസിയുടെ നടപടിക്കെതിരെ ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിസിയുടെ ഓഫീസ് പൂട്ടുമെന്നാണ് ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഭീഷണി. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും പോര് മൂര്‍ച്ഛിച്ചിരുന്നു. താന്‍ സസ്പെന്‍ഡ് ചെയ്ത മുന്‍ റജിസ്ട്രാര്‍ ഡോ. കെ. അനില്‍കുമാര്‍ സസ്പെന്ഷന് അംഗീകരിക്കണമെന്ന നിലപാടിലാണ് വിസി.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് തയാറല്ല. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു വിസിയുമായി ചര്‍ച്ച നടത്തിയെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രിയെ വിസി അറിയിക്കുകയായിരുന്നു. ഇതോടെ അനുനയ നീക്കം പാളുകയായിരുന്നു. സെനറ്റ് ഹാളിലെ സ്വകാര്യ ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായുണ്ടായ തര്‍ക്കമാണ് സര്‍വകലാശാല ആസ്ഥാനത്ത് വിസിയും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കാന്‍ കാരണമായത്.
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഇതേത്തുടര്‍ന്നാണ് റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വി.സി സസ്പെൻഡ് ചെയ്തത്