കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് കോടതി സമന്‍സ്. കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമന്‍സ് അയച്ചത്. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ നേരത്തെ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന് മര്‍ദിച്ചെന്നാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കേസിലെ പ്രതി കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.
ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇക്കഴിഞ്ഞ മേയ് 31ന് എറണാകുളം ജില്ല കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹാജരാകാനായി സമന്‍സ് അയച്ചിരിക്കുന്നത്. മര്‍ദിച്ചെന്ന് വിപിന്‍ പറയുന്നത് അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരേ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് ഇയാളുടെ പരാതിയെന്നുമായിരുന്നു ഉണ്ണി മുകുന്ദന് അന്ന് പ്രതികരിച്ചത്.