ഇതാകണോ ഇന്ത്യ? യുപിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊന്ന സംഭവം ആസൂത്രിതം, ദാദ്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ പ്രതികളെ പിടികൂടിയതിലുള്ള പ്രതികാരമെന്ന് റിപ്പോര്‍ട്ട്, ആക്രമണത്തിനു പിന്നില്‍ ഹിന്ദു യുവ വാഹിനി, ശിവസേന, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ പശുക്കളെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. പോലീസ് ഔട്ട് പോസ്റ്റ് ഇന്‍ ചാര്‍ജ് സുബോധ്കുമാര്‍ സിംഗിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന. 2015 സെപ്റ്റംബര്‍ 28-നാണ് യുപിയിലെ ദാദ്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാകിന്റെ കേസ് അന്വേഷിച്ചത് സുബോധ് കുമാര്‍ സിംഗാണ്.

ഇതിലെ പ്രതികളെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. തലയ്ക്ക് വെടിയേറ്റാണ് സുബോധ്കുമാര്‍ മരിച്ചത്. വെടിയേറ്റ സുബോധ്കുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ചില ആളുകള്‍ ചേര്‍ന്ന് വണ്ടി തടഞ്ഞെന്ന് അദേഹത്തിന്റെ ഡ്രൈവര്‍ വെളിപ്പെടുത്തി.

സുബോധ്കുമാറാണോ വണ്ടിയിലെന്നാണ് ഇവര്‍ പരിശോധിച്ചത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്‌സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്.സുബോധ് കുമാറിനെ വെടിവെച്ചത് റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എബിപി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുബോധിനു നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു മുഹമ്മദ് അഖ്ലാകിന്റെ നേര്‍ക്കുള്ള ആക്രമണം. 19 പേരായിരുന്നു കേസിലെ ആരോപിതര്‍. എങ്കിലും 15 പേരെ പ്രതിചേര്‍ത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ 15 പേര്‍ക്കും കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ടിപിസിയില്‍ കരാര്‍ ജോലി നല്‍കി. കേസില്‍ മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.

തിങ്കളാഴ്ച രാവിലെയാണ് മേഖലയില്‍ അക്രമണം ആരംഭിച്ചത്. ഇവിടെ വനമേഖലയില്‍ പശുക്കളുടെ ജഡാവശിഷ്ടം തള്ളിയതായിരുന്നു കാരണം. ഉടന്‍തന്നെ ഹിന്ദു യുവ വാഹിനി, ശിവസേന, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബുലന്ദ്ഷഹര്‍-ഗഡ് ദേശീയപാത തടയുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് തുറന്നുനല്‍കാന്‍ ശ്രമിക്കവെയാണ് പോലീസിനു നേരെ കല്ലേറുണ്ടായത്.

വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും സ്ഥിതിഗതികളുടെ നിയന്ത്രണം അക്രമികളുടെ കൈയില്‍ വന്നുചേര്‍ന്നു.  ചിംഗ്രാവതി പോലീസ് സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രാക്ടറുകള്‍ അക്രമികള്‍ കൈക്കലാക്കി. പോലീസ് പോസ്റ്റ് തീവച്ചു. മോട്ടോര്‍ ബൈക്കുകളും മറ്റു വാഹനങ്ങളും കലാപക്കാര്‍ അഗ്‌നിക്കിരയാക്കി. ഇതിനിടെയാണ് സുബോധ്കുമാര്‍ സിംഗ് കൊല്ലപ്പെടുന്നത്.

സുബോധ്കുമാര്‍ സിംഗിന്റെ കൂടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.  40 ലക്ഷം രൂപ അദേഹത്തിന്റെ ഭാര്യയ്ക്കും 10 ലക്ഷം രൂപ മാതാപിതാക്കള്‍ക്കുമാണ് നല്‍കുക. ആക്രമണത്തില്‍ ഒരു യുവാവും കൊല്ലപ്പെട്ടിരുന്നു. ഇയാളെ വെടിയുണ്ടകളേറ്റു കൊല്ലപ്പെട്ട നിലയിലാണു കണ്ടെത്തിയത്. പരസ്യമായി പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലും ദുരൂഹതയുണ്ട്. അതേസമയം, സുബോധ് കുമാറിനെ വധിക്കാനാണ് കലാപം നടത്തിയതെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

Related posts