കടുത്തുരുത്തി: യൂറിയ കിട്ടാനില്ല. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ അടക്കം നെൽകർഷകർ വലയുകയാണ്. നെല്‍കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങളിലൊന്നാണ് യൂറിയ. മാസങ്ങളായി യൂറിയ കിട്ടാനില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തങ്ങൾക്കു കിട്ടുന്നില്ലെങ്കിലും വൻകിട കന്പനികൾ അത് ആവശ്യം പോലെ വാങ്ങിയെടുക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. യൂറിയ കിട്ടാത്തതുമൂലം മിശ്രിത വളങ്ങളാണ് കര്‍ഷകര്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനു മൂന്നിരിട്ടിയോളം വില നല്‍കണം. എന്നാൽ, യൂറിയ ഉപയോഗിക്കുന്നതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
കൃഷിച്ചെലവ് കുതിക്കും
നടീല്‍ കഴിഞ്ഞ് ഒരു മാസത്തിനകവും കതിര് വരുന്നതിനു മുമ്പായിട്ടും നല്‍കേണ്ട വളങ്ങളില്‍ പ്രധാനമാണ് യൂറിയ. യഥാസമയത്തുള്ള വളപ്രയോഗമാണ് നെല്‍കൃഷിക്കു പ്രധാനം. 50 കിലോ യൂറിയക്ക് ശരാശരി 300 രൂപ വരെയാണ് വില. അതേസമയം, മിശ്രിത വളത്തിന് 1500 രൂപയോളം ചെലവ് വരും. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ ഏതാണ്ട് 20,000 ത്തോളം രൂപ ചെലവുണ്ട്. യൂറിയ കിട്ടാതായതോടെ കൃഷിച്ചെലവ് കുതിച്ചുയരുന്ന സ്ഥിതിയാണ്.
കാരണം പാകപ്പിഴ
ഓരോ സീസണിലെയും കൃഷിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രകൃഷി മന്ത്രാലയും സംസ്ഥാനങ്ങള്‍ക്കു വളങ്ങള്‍ അനുവദിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന സബ്സിഡി നിരക്കിലാണ് വളം കര്‍ഷകര്‍ക്കു നല്‍കുന്നത്. കാര്‍ഷികാവശ്യത്തിനു നല്കുന്ന വളങ്ങള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടയാൻ പോസ്റ്റ് ഓഫ് സെയില്‍ (പിഒഎസ്) യന്ത്രത്തില്‍ രേഖപ്പെടുത്തിയാണ് വിതരണം.
ഇക്കാര്യത്തിലുണ്ടായ പാകപ്പിഴകളാണ് യൂറിയ ക്ഷാമത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഐപിഎല്‍, എംഎഫ്എല്‍, സ്പിക്ക്, ഇഫ്കോ തുടങ്ങിയ കമ്പനികളാണ് യൂറിയ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.