എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി യോഗി ! യുപിയിലെ ക്രിമിനലുകള്‍ക്ക് ഇത് കഷ്ടകാലം; ജാമ്യം കിട്ടിയ കൊടുംകുറ്റവാളികള്‍ സ്വമേധയാ ജയിലിലേക്ക് മടങ്ങുന്നു…

എട്ടു പോലീസുകാരെ വെടിവച്ചു കൊന്ന വികാസ് ദുബെയുടെ മരണവും അവസാനം വെടിയേറ്റു തന്നെയായത് ഒരു യാദൃശ്ചികതയായി ആരും കണക്കാക്കില്ല.

കാരണം അത് വിധിക്കപ്പെട്ടത് തന്നെയായിരുന്നു. കുറ്റവാളികളോട് ക്ഷമിക്കില്ല എന്ന യോഗി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായിരുന്നു അത്.

കുറ്റവാളികള്‍ രാഷ്ട്രീയ നേതൃത്വവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തിലാണ് കുറ്റവാളികള്‍ക്കെതിരേ എന്‍കൗണ്ടര്‍ ഉള്‍പ്പെടെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി യോഗി രംഗത്തെത്തിയത്.

യോഗിയുടെ പിന്തുണയുടെ പിന്‍ബലത്തില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റുകളായ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ കളത്തിലിറങ്ങിയതോടെ നിരവധി കുറ്റവാളികള്‍ വെടിയേറ്റുവീണു.

കഴിഞ്ഞ വര്‍ഷം യുപി പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 5,178 ഏറ്റുമുട്ടലുകളാണ് നടത്തിയത്. ഇതില്‍ 103 കുറ്റവാളികള്‍ കൊല്ലപ്പെട്ടു.

1859 പേര്‍ക്കു പരുക്കേറ്റു. യോഗി അധികാരമേറ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ 17,745 ക്രിമിനലുകള്‍ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്കു മടങ്ങുകയോ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

എന്നാല്‍ പോലീസുകാര്‍ക്കിടയില്‍ ഇപ്പോഴും ഒറ്റുകാര്‍ ഉണ്ടെന്ന സൂചനയായിരുന്നു എട്ടു പോലീസുകാരുടെ മരണം. പോലീസുകാര്‍ തിരച്ചിലിന് എത്തുന്നെന്ന് വികാസ് ദുബെയ്ക്ക് വിവരം ലഭിച്ചുവെന്ന വാര്‍ത്ത പോലീസുകാരുമായുള്ള ദുബെയുടെ അടുപ്പം വ്യക്തമാക്കുന്നു.

കുറ്റവാളികളോടു യാതൊരു ദാക്ഷിണ്യവും വേണ്ടെന്നാണു മുകളിയില്‍നിന്നുള്ള ഉത്തരവെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡിജിപി ഒ.പി. സിങ് പറഞ്ഞിരുന്നു.

യാതൊരു രാഷ്ട്രീയ സമ്മര്‍ദവുമില്ലാതെ പൊലീസ് പ്രവര്‍ത്തിക്കുന്നതു കൊണ്ട് ആസൂത്രിത കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിടുക്കന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാണു കളത്തിലിറക്കിയിരിക്കുന്നത്.

പൊലീസ് നിയമനത്തില്‍ ഇടപെട്ടിരുന്ന കുറ്റവാളി സംഘങ്ങളെ നിയന്ത്രിക്കുക കൂടി ചെയ്തതോടെ ക്രിമിനലുകള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയായി.

2017 മുതല്‍ ക്രിമിനലുകള്‍ ഒന്നിനു പിന്നാലെ ഒന്നായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ കണ്ടുവരുന്നത്. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് ഐപിഎസുകാരനായ അജയ്പാല്‍ ശര്‍മയുടെ നേതൃത്വത്തിലാണ് ക്രിമിനലുകളെ വേട്ടയാടാന്‍ തുടങ്ങിയത്.

2017 മാര്‍ച്ചിലാണ് യോഗി അധികാരമേറ്റത്. അന്നു മുതല്‍ 2019 ജൂണ്‍ 11 വരെ 77 ക്രിമിനലുകളെ വെടിവച്ചു കൊന്നു. സംസ്ഥാനത്തെ ചിലയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കുറ്റവാളികളുടെ വിളയാട്ടം.

ഷാംലി, മീററ്റ്, മുസാഫര്‍നഗര്‍, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, കൈരാന, ഭാഗ്പത്, സഹറന്‍പുര്‍, നോയിഡ് എന്നിവിടങ്ങളിലാണ് തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, കൊള്ള, കൊലപാതകം എന്നിവ കൂടുതലായി നടന്നിരുന്നത്.

പലയിടത്തുനിന്നും ആളുകള്‍ ഒഴിഞ്ഞുപോകുന്ന അവസ്ഥയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനോടകം നിരവധി കുറ്റവാളി സംഘങ്ങളെ വകവരുത്താന്‍ യുപി പൊലീസിനു കഴിഞ്ഞു. കൂടുതല്‍ കളിച്ചാല്‍ ജീവന്‍ പോകുമെന്നു കണ്ടതോടെ പല കൊടുംകുറ്റവാളികളും ഒതുങ്ങി. യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ പ്രകാരം സംസ്ഥാനം ഇപ്പോള്‍ സുരക്ഷിതമാണ്.

മറ്റു സര്‍ക്കാരുകളെ അപേക്ഷിച്ച് പൊലീസിന്റെ ആത്മധൈര്യം വര്‍ധിച്ചു. ഭീതിയുടെ സാഹചര്യമൊഴിഞ്ഞുവെന്നതു തന്നെ ആശ്വാസകരമാണെന്നും യോഗി പറയുന്നു. എന്തായാലും വരും നാളുകളിലും യുപി ക്രിമിനലുകളുടെ ശവപ്പറമ്പായേക്കുമെന്നു തന്നെയാണ് സൂചന.

Related posts

Leave a Comment