രാജസ്ഥാനില്‍ ബിജെപിയ്ക്ക് തിരിച്ചടിയായത് വസുന്ധരരാജെയുടെ ഏകാധിപത്യവും അഴിമതിയും കര്‍ഷകരോഷവും !ജാതിസമവാക്യങ്ങളും പിന്തുണച്ചില്ല; കോണ്‍ഗ്രസിന് പ്രശ്‌നം ആരെ മുഖ്യമന്ത്രിയാക്കും എന്നതു മാത്രം…

രാജസ്ഥാന്‍ പതിവു തെറ്റിച്ചില്ല. കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച രാജസ്ഥാന്‍ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകളാണ് നല്‍കുന്നത്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ ഏകാധിപത്യ നടപടികളാണ് ബിജെപിയെ രാജസ്ഥാനില്‍ പിന്നോട്ടടിച്ചത്.സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം മുന്നിട്ടു നില്‍ക്കുകയാണെങ്കിലും മുഖ്യമന്ത്രി വസുന്ധര രാജെ ഒഴികെയുള്ള മന്ത്രിമാരെല്ലാം പരാജയത്തിന്റെ നിഴലിലാണ്.

്ജാതി രാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനില്‍ 2013-ല്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. ഇത് ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലസൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ 20 വര്‍ഷങ്ങളായി ആരെയും ഒന്നില്‍ കൂടുതല്‍ തവണ പിന്തുണച്ച ചരിത്രം രാജസ്ഥാനില്ല.

രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരാജ സിന്ധ്യയ്‌ക്കെതിരെ സ്വന്തം പാളയത്തില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകള്‍ ശക്തമായിരുന്നു. പല ബിജെപി നേതാക്കളും വസുന്ധരരാജെയോടുള്ള എതിര്‍പ്പിനാല്‍ മാത്രം പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. വസുന്ധരരാജസിന്ധ്യയുടെ ഏകാധിപത്യവും അഴിമതിയും കാര്‍ഷിക വിലത്തകര്‍ച്ചയും തൊഴിലില്ലായ്മയും ബിജെപിക്ക് തിരിച്ചടിയായതെന്ന് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തിരുന്നു. അതോടൊപ്പം ജാതി സമവാക്യങ്ങളിലെ മാറ്റവും ബിജെപിക്ക് തിരിച്ചടിയായി. എക്കാലവും ബിജെപിയെ പിന്തുണച്ചിരുന്ന രജപുത്ര വോട്ടര്‍മാരും ഇക്കുറി പാര്‍ട്ടിയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.

എന്നാല്‍ എല്ലാ പ്രമുഖ നേതാക്കളെയും ഇറക്കിയുള്ള രാഹുല്‍ഗാന്ധിയുടെ റാലികള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളില്‍ മുമ്പത്തെപ്പോലെ ആളുകളെത്തിയതുമില്ല. ഉള്ളിയുടെ വില ഒരുരൂപയോളം എത്തിയതും കാര്‍ഷിക വിലത്തകര്‍ച്ചയും എടുത്തു പറഞ്ഞായിരുന്നു എവിടെയും രാഹുലിന്റെ പ്രസംഗം. നോട്ടുനിരോധനവും ജിഎസ്ടിയും റാഫേല്‍ അഴിമതിയുമടക്കം എടുത്തിട്ട് മോദിയെ കുടഞ്ഞുകൊണ്ടായിരുന്ന രാഹുല്‍ ഇവിടെ പ്രചാരണം നടത്തിയത്. വസുന്ധര രാജ സിന്ധ്യയോടുള്ള എതിര്‍പ്പ് മോദിയെ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാമെന്ന തന്ത്രമാണ് ഇവിടെ തകര്‍ന്നടിഞ്ഞത്.

അതേസമയവം കര്‍ഷകരോഷവും വികസമുരടിപ്പും ഉയര്‍ത്തിപ്പടിച്ചും പ്രാദേശികമായ ജാതി സമവാക്യങ്ങളില്‍ ശ്രദ്ധിച്ചുമാണ് സച്ചിന്‍ ലൈപറ്റിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചതും. ഒബിസി വിഭാഗത്തില്‍പെട്ട ഗുജ്ജാര്‍ സമുദായക്കാരനായ സച്ചിന്, തങ്ങളുടെ പരമ്പരാഗത വൈരികളായ പട്ടികജാതിക്കാരായ മീണ സമുദായത്തെയും കൈയിലടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ സച്ചില്‍ പൈലറ്റ് വിവാഹം കഴിച്ചത് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകളെ ആണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ആദ്യഘട്ടത്തില്‍ പ്രചാരണം നടത്തിയപ്പോള്‍, വീണത് വിദ്യയാക്കി ഭാര്യയെ പ്രചാരണ രംഗത്തിറക്കി മുസ്ലിം വോട്ടുകള്‍ നേടുകയാണ് പൈലറ്റ് ചെയ്തത്.

കഴിഞ്ഞ തവണ ബിജെപി വിജയിച്ച ടോങ്കയിലാണ് ഇത്തവണ സച്ചിന്‍ മത്സരിച്ചത്. മുപ്പതിനായിരത്തോളം ഗുജ്ജറുകള്‍ മണ്ഡലത്തിലുണ്ട്. ഇതേ സമുദായക്കാരനായ സച്ചിന് ഇവര്‍ വോട്ടു ചെയ്യുമെന്നും കണക്കുകൂട്ടലുണ്ട്. അച്ഛന്‍ രാജഷ് പൈലറ്റ് സമീപമുള്ള ദൗസ ലോക്സഭാമണ്ഡലത്തിലെ എംപി.യായിരുന്നു. സച്ചിന്റെ ആദ്യ തിരഞ്ഞെടുപ്പുവിജയവും അവിടെയായിരുന്നു, 28-ാം വയസ്സില്‍. പാരമ്പര്യവും ജാതി സമവാക്യങ്ങളും ഒരുപോലെ കൂട്ടിയിണക്കിയ തന്ത്രമാണ് സച്ചിന്‍ പ്രയോഗിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാക്കാനാണ് ഒട്ടുമിക്ക ആളുകള്‍ക്കും താല്‍പര്യമെങ്കിലും. ചില മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് രാഹുല്‍ ഗാന്ധിയ്ക്ക് അനുനയത്തിന്റെ മാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്ന സൂചനകളാണ് ഇപ്പോഴുള്ളത്.

Related posts