ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ് നീക്കം തുടങ്ങി.
ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽനിന്നു നാലു ഹെലികോപ്റ്റർ വാങ്ങാനാണ് ഒരുങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുന്പു മാത്രമാണ് വിജയ് എത്തുക.
എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്. മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലുംതിരക്കിലുംപെട്ട് 41 പേരാണു മരിച്ചത്. സംഭവം വിജയ്യെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.

