‘വില്ലന്’ വില്ലനായി മൊബൈല്‍; ആരാധകന്‍ പിടിയില്‍

കണ്ണൂർ: ‘വില്ലൻ’ ആദ്യഷോ കാണാനെത്തിയ മോഹൻലാൽ ആരാധകൻ, ചിത്രത്തിലം രംഗങ്ങൾ മൊബൈലിൽ പകർത്തവേ പിടിയിലായി. പുതിയ പടത്തിലെ സ്റ്റണ്ട് രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പോലീസി‍നെ അറിയിക്കുകയായിരുന്നു.മലയോരമേഖലയായ ചെമ്പന്തൊട്ടിയിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ വർക്ക്ഷോപ്പ് ജീവനക്കാരനാണു കുടുങ്ങിയത്.

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘വില്ലൻ’ ഇന്നാണ് റിലീസ് ചെയ്തത്. രാവിലെ എട്ടിനു കണ്ണൂർ സവിത തിയറ്ററിൽ ഫാൻസ് ഷോ ഏർപ്പാടാക്കിയിരുന്നു. നാനൂറോളം സീറ്റുള്ള തിയറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാൻസുകാർ മുൻകൂട്ടി വാങ്ങിയാണു പ്രദർശനമൊരുക്കിയത്. അതിനിടയിലാണു യുവാവ് സ്റ്റണ്ട് രംഗത്തിൽ ആവേശം മൂത്ത് മൊബൈലിൽ പകർത്തിയത്. പടം വിതരണം ചെയ്യുന്ന മാക്സ് ലാബിന്‍റെ പ്രതിനിധി കയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു.

Related posts