ദേശീയഗാനം കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കും; സിനിമകള്‍ക്കു കൃത്യമായ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണെന്ന് വിനീത് ശ്രീനിവാസന്‍

vineeth-sreenivasanകോട്ടയം: സിനിമകള്‍ക്കു കൃത്യമായ സര്‍ട്ടിഫിക്കേഷനുകള്‍ ആവശ്യമാണെന്ന് നടനും സംവിധായകനും നിര്‍മാതാവുമായ വിനീത് ശ്രീനിവാസന്‍. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിനീത്. തിയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഒരു കാരണവശാലും മ്യൂട്ടും കട്ടും ഉണ്ടാകാന്‍ പാടില്ല. സിനിമകള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കേഷനുകള്‍ മുന്‍കൂട്ടി നല്കി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മ്യൂട്ടും കട്ടും ആവശ്യമായി വരുന്നില്ല. സിനിമകളുടെ പ്രാഥമികഘട്ടമായ എഴുത്തില്‍ ഒന്നും നമുക്ക് ഒഴിവാക്കാന്‍ സാധിക്കുകയുമില്ല.

തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പു ദേശീയഗാനം കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചെറിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതും ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമെല്ലാം സിനിമയുടെ ദൈര്‍ഘ്യത്തെയാണു കുറയ്ക്കുന്നത്. സിനിമയില്‍ സെക്കന്‍ഡുകള്‍ക്കു പോലും വലിയ പ്രാധാന്യമുണ്ട്. പുറത്തുനിന്നുള്ള കാര്യങ്ങള്‍ക്കു പോലും സിനിമയ്ക്കകത്തു സമയം കണ്ടെത്തേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

താന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എബി എന്ന സിനിമ ജനുവരി 20നു റിലീസ് ചെയ്യുമെന്നും വിനീത് പറഞ്ഞു. സ്വപ്നങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന വ്യക്തിയുടെ കഥയാണു ചിത്രത്തിലൂടെ പറയുന്നത്. 60 ദിവസമെടുത്താണു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. മുഖാമുഖം പരിപാടിയില്‍ എബിയുടെ സംവിധായകന്‍ ശ്രീകാന്ത് മുരളി, നിര്‍മാതാവ് സുബിന്‍ കെ. വര്‍ക്കി, ജെയ്‌സണ്‍ ജെ. നായര്‍, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു എന്നിവര്‍ പങ്കെടുത്തു.

Related posts