ഇഡ്ഡലിയെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ പരീക്ഷണങ്ങൾക്ക് പിന്നാലെ കൂടിയിരിക്കുകയാണ് കോൺഗ്രസ് എം.പി ശശി തരൂർ. ഭക്ഷണത്തെക്കുറിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റുകളിൽ ഇടപെടുകയും അതിന് തമാശരൂപേണയുള്ള തന്റേതായ മറുപടികൾ നല്കുകയും ചെയ്യുന്നത് ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു പതിവായി മാറിയിരിക്കുകയാണ്.ശശി തരൂരിന്റെ ഇഡ്ഡലി പ്രേമത്തെയും അദ്ദേഹത്തിന്റെ രസകരമായ പ്രതികരണങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ഏറ്റവും ഒടുവിലായി എക്സിൽ ഒരു ഉപയോക്താവ് ഇഡ്ഡലി മുറിച്ച് ത്രികോണാകൃതിയിലാക്കിയ ചിത്രം പങ്കുവെച്ചതാണ് തരൂരിനെ ചൊടിപ്പിച്ചത്. ബ്രെഡ് സ്ലൈസ് ചെയ്തതുപോലെ ഇഡ്ഡലി മുറിച്ചതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച ഉപയോക്താവിന്, ഒരു സോഫ്റ്റ്വെയർ എൻജിനീയർ അടുക്കളയിൽ കയറിയാൽ ഡാറ്റ പാർട്ടീഷൻ ചെയ്യാൻ ശ്രമിക്കുന്നതുപോലെയാണ് ഇതെന്നാണ് തരൂർ മറുപടി നൽകിയത്.
‘ഇതിനെ ‘ഇഡ്-സ്ലൈസ്’ എന്നല്ല, ‘ഇഡ്ഡലി’ എന്നാണ് വിളിക്കുന്നത്. ആരും ഇഡ്ഡലി ഇങ്ങനെ കഴിക്കാറില്ല. ഒരുപക്ഷേ ഇറ്റലിക്കാർ ഇതിനെ പിസ്സ എന്ന് തെറ്റിദ്ധരിക്കുമായിരിക്കും. പക്ഷേ പിസ്സയുടെ മേൽ സാമ്പാർ ഒഴിക്കാൻ ശ്രമിക്കരുത്’ എന്ന് അദ്ദേഹം തമാശരൂപേണ കുറിച്ചു. ഈ മറുപടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി.
രണ്ടുദിവസം മുമ്പ്, ചായയും ഇഡ്ഡലിയും ചേർത്ത് ഒരു ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിലും തരൂർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഭക്ഷണത്തിന്റെ കോമ്പിനേഷനെക്കാൾ ഉപരിയായി ഇഡ്ഡലിയുടെ ഗുണനിലവാരത്തെയായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്. ‘പ്ലേറ്റിലെ ഇഡ്ഡലി വളരെ കട്ടിയുള്ളതായും ഒതുങ്ങിയതായും തോന്നുന്നു. ഇതിന്റെ നിറം കണ്ടാൽ കഴിക്കാൻ തോന്നുന്നില്ല. തികച്ചും മൃദുവും മഞ്ഞ് പോലെ വെള്ളനിറമുള്ളതുമായ ഇഡ്ഡലിയോട് മത്സരിക്കാൻ ഇതിന് കഴിയില്ല. ഇത് ചവയ്ക്കാൻ പ്രയാസമുള്ളതും റബ്ബർ പോലെയുള്ളതുമായിരിക്കും. ഇതൊരു എ ഗ്രേഡ് ഇഡ്ഡലിയല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എന്നാൽ എല്ലാ ഇഡ്ഡലി പോസ്റ്റുകളും വിമർശനങ്ങൾ നേരിടുന്നില്ല. ഒരു ഉപയോക്താവ് ഇംഗ്ലീഷ് കവി വില്യം വേർഡ്സ്വർത്തിന്റെ ശൈലിയിൽ ഇഡ്ഡലിയെക്കുറിച്ച് ഒരു കവിത എഴുതി പങ്കുവെച്ചപ്പോൾ, അതിനെ അഭിനന്ദിക്കാൻ അദ്ദേഹം മറന്നില്ല. ആ പോസ്റ്റിന് അടിപൊളി എന്ന ഒറ്റവാക്കിലായിരുന്നു തരൂരിന്റെ പ്രതികരണം. കഴിഞ്ഞ മാസം ഇഡ്ഡലിയെ ‘രസഗുള’യുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റിനെ ‘പ്രപഞ്ചപരമായ വലിയ തെറ്റിദ്ധാരണ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തരൂർ രംഗത്തെത്തിയിരുന്നു.
