ഹരിപ്പാട്: വിവാഹവാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ഹരിപ്പാട് സ്വദേശിയിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശ്ശൂർ ഇരിങ്ങാലക്കുട മൂർക്കനാട് സ്വദേശിനി മഹേശ്വരിക്ക് (36) എതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ നടപടി.
ചേർത്തലയിലെ പ്രമുഖ ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്തിരുന്ന ഹരിപ്പാട് കുമാരപുരം സ്വദേശിയായ പരാതിക്കാരനുമായി ക്ഷേത്രത്തിൽ വച്ചാണ് യുവതി പരിചയപ്പെടുന്നത്. താൻ വിവാഹബന്ധം വേർപിരിഞ്ഞു കഴിയുകയാണെന്നും ഡാൻസ് ടീച്ചറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച യുവതി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് കൂടുതൽ അടുപ്പം സ്ഥാപിച്ചു.
തുടർന്ന് കുടുംബപ്രശ്നങ്ങൾ കാരണം താൻ വാടകയ്ക്കാണ് താമസിക്കുന്നതെന്നും കാലിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും പറഞ്ഞ് യുവതി പരാതിക്കാരനിൽ നിന്നു പലതവണയായി പണം കടം വാങ്ങി. പിന്നീട്, തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുമെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ പണം വേണമെന്നും കാട്ടി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വീണ്ടും പണം കൈപ്പറ്റിക്കൊണ്ടിരുന്നു.
ആദ്യം ആവശ്യപ്പെട്ടപ്പോഴൊക്കെ പരാതിക്കാരൻ പണം നൽകിയിരുന്നു. എന്നാൽ പിന്നീട് പണം നൽകാൻ വിസമ്മതിച്ചപ്പോൾ, താൻ ആത്മഹത്യ ചെയ്യുമെന്നും സമൂഹത്തിൽ അപകീർത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെ ഭയന്നാണ് ഇവർ ആവശ്യപ്പെട്ട തുക വീണ്ടും നൽകിയത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയാണ് ഈ പണമെല്ലാം കൈമാറിയത്. ഇത്തരത്തിൽ പലവട്ടമായി മൊത്തം എട്ട് ലക്ഷത്തോളം രൂപയാണ് യുവതി കൈക്കലാക്കിയത്.
താൻ പറ്റിക്കപ്പെടുകയാണെന്ന് മനസിലാക്കിയ പരാതിക്കാരൻ നൽകിയ പണം തിരികെ ചോദിച്ചതോടെ യുവതി ഭീഷണിപ്പെടുത്താൻ തുടങ്ങി. പോലീസിൽ പരാതി നൽകിയാൽ അപകീർത്തിപ്പെടുത്തുമെന്നും ഇയാളുടെ ബന്ധുക്കളുടെ കുടുംബജീവിതം തകർക്കുമെന്നും യുവതി ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു.
