കോഴിക്കോട്: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി മടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് കൂടുതല്‍ സജീവമായി കോണ്‍ഗ്രസ്.
പ്രവര്‍ത്തകരില്‍ പ്രിയങ്ക സൃഷ്ടിച്ച ആവേശം തുടര്ന്നുകൊണ്ടുപോകുകയെന്ന ലക്ഷ്യമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. പത്രികാ സമർപ്പണത്തിനുശേഷം മടങ്ങിയ പ്രിയങ്ക ഗാന്ധി 27, 28, 29 തീയതികളിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും.
നവംബർ മൂന്ന് മുതൽ തുടർച്ചയായി ഏതാനും ദിവസം മണ്ഡലത്തിൽ ഉണ്ടാകും. ഈ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയും വയനാട്ടില്‍ എത്തുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു.
പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോയും അതിനുശേഷം നടത്തിയ പൊതുസമ്മേളനവും മികച്ച സംഘാടനത്തിലൂടെ മികവുറ്റതാക്കാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
അതേസമയം ബിജെപി സ്ഥാനാര്‍ഥി നവ്യഹരിദാസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരിയും മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം തുടരുകയാണ്.