അനീഷ ഇനി അഫ്‌സലിന് സ്വന്തം! 42 ആങ്ങളമാര്‍ ചേര്‍ന്ന് 10 പവനൊരുക്കി; ’പെങ്ങളുടെ പൊന്‍താലി‘ സ്വപ്നം പൂവണിഞ്ഞു

wedding

വാടാനപ്പള്ളി: 42 ആങ്ങളമാര്‍ ചേര്‍ന്ന് 10 പവനൊരുക്കി. ഈ ആങ്ങളമാര്‍ കൈപിടിച്ചുനല്കിയതോടെ അനീഷ ഇനി അഫ്‌സലിന് സ്വന്തം. തളിക്കുളത്ത് യുവാക്കളുടെ നന്മയില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹ സ്വപ്നങ്ങളാണ് പൂവണിഞ്ഞത്. ‘പെങ്ങള്‍ക്കൊരു പൊന്‍താലി’ നല്കിയതോടെ ആങ്ങളമാര്‍ക്കും നാട്ടുകാര്‍ക്കും നിറഞ്ഞ സംതൃപ്തി. വാടാനപ്പള്ളി രായംമരക്കാര്‍ വീട്ടില്‍ അന്‍സാറിന്റെ മകള്‍ അനീഷയെ അകലാട് കാരങ്ങല്‍ വീട്ടില്‍ അഫ്‌സലാണ് താലി ചാര്‍ത്തിയത്.

ഇന്നലെ പുതുക്കുളങ്ങര ബ്രദേഴ്‌സ് ഓഡിറ്റോറിയത്തിലായിരുന്നു മിന്നുകെട്ടും വിവാഹസദ്യയും. സാക്ഷികളായി സാധാരണക്കാരും പ്രമുഖരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ഈ സല്‍കര്‍മത്തിലേക്ക് വഴിയൊരുക്കിയത് തളിക്കുളത്തെ കോസ്‌മോസ് ക്ലബിലെ 42 അംഗങ്ങള്‍. ക്ലബിന്റെ 37–ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് നന്മകള്‍ പൂവിട്ട ഈ വിവാഹം.

അനീഷയുടെ പിതാവ് അന്‍സാറിന് ഹൃദയസംബന്ധമായ അസുഖമാണ്. ജോലിക്കു പോകാനാവാ ത്ത അവസ്ഥ. വാടാനപ്പള്ളിബീച്ചിലായിരുന്നു വീട്. എട്ടുവര്‍ഷം മുമ്പുള്ള കടല്‍ക്ഷോഭത്തില്‍ അന്‍സാറിന്റെ വീട് കടലെടുത്തു. ഇപ്പോള്‍ തളിക്കുളം മൂന്നാം വാര്‍ഡിലെ കളാംപറമ്പിലെ വാടകവീട്ടിലാണ് താമസം.

സാമ്പത്തികപരാധീനതകള്‍ക്കിടയിലാണ് അനീഷയ്ക്ക് വിവാഹാലോചന വരുന്നത്. അങ്ങനെ വിവാഹം നിശ്ചയിച്ചു. ഇതിനെല്ലാം ശേഷമാണ് കോസ്‌മോസ് ക്ലബ് പ്രവര്‍ത്തകര്‍ ഇക്കാര്യമറിയുന്നത്. നിയുക്തവരനായ അന്‍സാറിന്റെ സമ്മതം വാങ്ങി ക്ലബ് പ്രവര്‍ത്തകര്‍ വിവാഹം നടത്തിക്കൊടുക്കാന്‍ രംഗത്തിറങ്ങി. ’പെങ്ങള്‍ക്കൊരു പൊന്‍താലി’ എന്ന ഈ പ്രവര്‍ത്തനത്തിന് ക്ലബ് അംഗങ്ങള്‍ പേരിട്ടു. ഇവര്‍ അനീഷയ്ക്കായി 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. വിവാഹ ക്ഷണക്കത്ത്, കല്യാണപെണ്ണിനെ അണിയിച്ചൊരുക്കാനുള്ള ചെലവ്, കല്യാണമണ്ഡപം, വിവാഹസദ്യ, ക്യാമറ, വിവാഹവാഹനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ ഒരുക്കി. ക്ലബിലെ മുതിര്‍ന്ന അംഗങ്ങളായ ആഷിക്കും ഷെരീഫും അന്‍സാറും ഈ കല്യാണം കൂടുവാന്‍ മാത്രം വിദേശത്തുനിന്ന് നാട്ടിലെത്തി.

ക്ലബംഗത്തിന്റെ അമ്മ കല്യാണപെണ്ണിനെ അണിയിച്ചൊരുക്കി. കാമറയുടെ വാടക മാത്രം വാങ്ങി സ്റ്റുഡിയോക്കാരും സഹകരിച്ചു. ഓഡിറ്റോറിയത്തിനാവശ്യമായ തുകയുടെ നല്ലൊരു വിഹിതം പുതുക്കുളങ്ങര ഒരു സ്റ്റഡി സെന്റര്‍ ഉടമ മുസമ്മലും വിവാഹവാഹനങ്ങളുടെ ചെലവ് ക്ലബംഗവും വടക്കാഞ്ചേരി പ്യുവര്‍ വെജിറ്റബില്‍ ഹോട്ടലുടമയുമായ വാടാനപ്പള്ളി സ്വദേശി ഷെമീര്‍ നല്കി. ക്ലബംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് വിവാഹത്തിനാവശ്യമായ ഫണ്ട് നല്കിയത്. കതിര്‍മണ്ഡപത്തില്‍ കാത്തിരിക്കുന്ന പുതിയാപ്ലയുടെ അരികിലേക്ക് അനീഷ ആഹ്ലാദത്തോടെ മന്ദം മന്ദം നടന്നടുത്തത് 42 ആങ്ങളമാരുടെ കൈപിടിച്ച്.

Related posts