തേനും ഉപയോഗങ്ങളും

honeyഊര്‍ജ്ജദായകവും പോഷകസമൃദ്ധവുമായ സുവ ര്‍ണ ദ്രാവകമാണ് തേന്‍. പ്രകൃ തിയിലെ തേനീച്ചകളുടെ നിരന്തരമായ അധ്വാനഫലമായി സസ്യസ്രോതസുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന പൂന്തേന്‍ തേനീച്ചകളുടെ രാസാഗ്‌നികളുടെ പ്രവര്‍ ത്തനഫലമായി തേനായി മാറുന്നു. പ്രകൃതിയുടെ ഈ സവിശേഷ ഉത്പന്നത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ നിരവധിയാണ്. ഇതു തന്നെയാണ് തേനിന്റെ ഉപഭോഗം ആഭ്യന്തര വിപണിയില്‍ അത്ര ശക്തമല്ലാത്തതിനുള്ള ഒരു കാരണവും. തേനിനെ സംബന്ധിച്ച് പ്രചാരത്തിലുള്ള ചില പ്രധാന സംശയങ്ങളും അവയ്ക്കുള്ള ശാസ്ത്രീയ വിശദീകരണങ്ങളുമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

തേനിന്റെ ഗുണങ്ങള്‍

ജലാംശം കഴിഞ്ഞാല്‍ വിവിധയിനം പഞ്ചസാരകളാണ് തേനില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത്. അവയില്‍ ഏറ്റവും പ്രധാനം ഫ്രക്ടോസ് എന്ന പഞ്ചസാരയാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ്, സുക്രോസ് എന്നിവയും തേനിലുണ്ട്. ചില വിറ്റാമിനുകള്‍, മൂലകങ്ങള്‍, രാസഗ്‌നികള്‍ എന്നിവയും തേനിലടങ്ങിയിരിക്കുന്നു. ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാന്‍ തേനുപയോഗിക്കാം. ആയുര്‍വേദമരുന്നുകളില്‍ പലതിലും തേന്‍ ഒരു പ്രധാനഘടകമാണ്. തീപൊള്ളലിന് ഏറെ ഫലപ്രദമായ ഔഷധമായും തേന്‍ ഉപയോഗിച്ചു വരുന്നു.

ചെറുതേന്‍, വന്‍തേന്‍

ഇന്ത്യയില്‍ വിവിധയിനം തേനീച്ചകളുണ്ട.് ഈ തേനീച്ചകളില്‍ നിന്നു ശേഖരിക്കുന്ന തേന്‍ വ്യത്യാസമുള്ളതായിരിക്കും. കാട്ടിലെ വന്‍ മരങ്ങളില്‍ കൂടുകൂട്ടുന്ന പെരും തേനീച്ചയില്‍ നിന്നും ശേഖരിക്കുന്ന തേന്‍ പൊതുവെ വന്‍തേന്‍ എന്നറിയപ്പെടുന്നു. ഞൊടിയല്‍, ഇറ്റാലിയന്‍ എന്നീ തേനിച്ച ഇനങ്ങളെ വളര്‍ത്തിയും തേന്‍ ശേഖരിക്കാറുണ്ട്. ഈ തേന്‍ അതാതു ഇനം തേനീച്ചകളുടെ പേരു ചേര്‍ത്താണ് സാധാരണയായി അറിയപ്പെടുന്നത്. ഭിത്തികളുടെ വിടവിലും മറ്റും കൂടുകൂട്ടുന്ന വലിപ്പം കുറഞ്ഞ ചെറുതേനീച്ചകളില്‍ നിന്നും ശേഖരിക്കുന്ന തേനാണ് ചെറുതേനായി അറിയപ്പെടുന്നത്. നന്നേ ചെറുതാകയാല്‍ ഇവയ്ക്ക് വളരെ ചെറിയ പൂക്കളില്‍ നിന്നുപോലും തേന്‍ ശേഖരിക്കാനാകും. ഒട്ടനവധി ഔഷധ സസ്യങ്ങളുടെ പൂക്കളില്‍ നിന്നും തേന്‍ ശേഖരിക്കുന്നതിനാല്‍ ചെറുതേനിന് ഔഷധഗുണമുണ്ട്.

നിത്യേന ഉപയോഗിക്കാമോ?

നാം തേനിനെ പൊതുവേ ഔഷധമായണ് കാണുന്നത്. തേനിനെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടും അതിന്റെ ഉയര്‍ന്ന വിലയും നിത്യേനയുള്ള ഉപയോഗത്തില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു. എന്നാല്‍ തേന്‍ നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കേന്ദ്ര തേനീച്ചവളര്‍ത്തല്‍ ഗവേഷണ സ്ഥാപനത്തിന്റെ (പൂനെ) കണക്കനുസരിച്ച് ആരോഗ്യമുള്ള ഒരാള്‍ക്ക് ദിവസം 30– 35 ഗ്രാം തേന്‍ കഴിക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഇത് 10– 15 ഗ്രാം വരെയാകാം. എന്നാല്‍ രോഗികളും പ്രമേഹമുള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതാണുത്തമം.

പുളിക്കാന്‍ കാരണമെന്ത്

തേനില്‍ ചിലയിനം യീസ്റ്റുകള്‍ അടങ്ങിയിട്ടുണ്ട്. തേനിന്റെ കൂടിയ ഗാഢതയിലും ജീവിക്കാന്‍ ശേഷിയുള്ളവയാണീ സൂക്ഷ്മാണുക്കള്‍. തേനിലെ ജലാംശ തോത് ക്രമാതീതമായാല്‍ ഇവ പെരുകി തേന്‍ പുളിക്കും. ശരിയായ രീതിയില്‍ തേന്‍ സംസ്കരിച്ചാല്‍ ഇവ നശിക്കും. കൂടുതല്‍ കാലം സൂക്ഷിച്ചു വയ്ക്കാന്‍ സംസ്കരിച്ച തേനാണുത്തമം. പച്ചത്തേന്‍ ഈര്‍പ്പം തട്ടാത്ത വിധം മേന്മയുള്ള പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിക്കാം.

നിറം മാറുന്നു– ദോഷമുണ്ടോ?

തേന്‍ ഏറെക്കാലം സൂക്ഷിച്ചാല്‍ നിറം ക്രമേണ കടും നിറമാകാറുണ്ട്. അതിലടങ്ങിയിരിക്കുന്ന ചില സൂക്ഷ്മ മൂലകങ്ങളും ധാതുലവണങ്ങളുമാണിതിനു കാരണം. നിറം മാറുന്നതുകൊണ്ട് തേനിനു ദോഷം സംഭവിക്കുന്നില്ല.

മുറിവുണക്കാന്‍

തേനിന് ജലാംശം വലിച്ചെടുക്കാനും നിലനിറുത്താനുമുള്ള ശേഷിയുണ്ട്. ഈ ഗുണവും ഈര്‍പ്പം വലിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്ന ഓക്‌സീകാരകവും മുറിവുണക്കുന്നു. ചെറു മുറിവുകളില്‍ തേന്‍ ലേപനമായി ഉപയോഗിക്കുമ്പോള്‍ മുറിവുണങ്ങാനുള്ള ഈര്‍പ്പം നിലനിറുത്തുകയും ദോഷകാരികളായ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. തേനിന്റെ ഗാഢതയില്‍ പുറമെയുള്ള അണുക്കള്‍ സാധാരണ വളരുകയുമില്ല.

ഹണികോള

ദാഹം ശമിപ്പിക്കാനും പെട്ടെന്ന് ശരീരത്തിന് ഊര്‍ജം നല്‍കാനും ഉത്തമമാണ് ഹണികോള. തേന്‍, ഇഞ്ചിനീര്, നാരങ്ങാ നീര് എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. അതിഥി സത്കാരത്തിലും ക്ഷീണമകറ്റാനും മറ്റുമുള്ള ഒരു ലഘുപാനീയമായി ഇതുപയോഗിക്കാം. സാധാരണ കോളകളുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഹണി കോളയുടെ ചരുവ ഇപ്രകാരമാണ്.

തേന്‍ – 35 മില്ലി ലിറ്റര്‍
ഇഞ്ചിനീര് – 5 മില്ലി ലിറ്റര്‍
നാരങ്ങാനീര് – 15 മില്ലി ലിറ്റര്‍
വെള്ളം – 145 മില്ലി ലിറ്റര്‍
(ഒരു ഗ്ലാസ്–200 മില്ലി ലിറ്റര്‍ തയാറാക്കാന്‍)

തേനീച്ചയ്ക്ക് പഞ്ചസാര ലായനി

ക്ഷാമകാലത്ത് ഉപയോഗിക്കാനായി തേനീച്ച സംഭരിക്കുന്ന ഭക്ഷണമാണ് തേന്‍. അതു നാം കവര്‍ന്നെടുക്കുന്നതിനാല്‍ തേനീച്ച ക്ഷാമകാലത്ത് (കേരളത്തില്‍ മേയ് മുതല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ വരെ) ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു. ഇത് തേനീച്ചകളുടെ വളര്‍ച്ച മുരടിപ്പിക്കുകയും കോളനി ക്ഷയിപ്പിക്കുകയും ചെയ്യും. ഇതൊഴിവാക്കാനാണ് ക്ഷാമകാലത്ത് തേനിനു പകരമായി പഞ്ചസാരലായനി തേനീച്ചകള്‍ക്ക് നല്‍കുന്നത്. തേന്‍ ഉത്പാദന കാലത്ത് ഈ ലായനി കൊടുക്കാറില്ല. അതിനാല്‍ തേനുണ്ടാക്കാനല്ല പഞ്ചസാരലായനി കൊടുക്കുന്നത്. മറിച്ച് ക്ഷാമകാലത്ത് കോളനിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനാണ് ഇതു നല്‍കുന്നത്.

വളരെയേറെ ഗുണങ്ങളും ഔഷധമൂല്യമുള്ള തേന്‍ എല്ലാ വീടുകളിലും കരുതിവയ്‌ക്കേണ്ടതാണ്. ഗുണമേന്മാ മുദ്രയായ അഗ്മാര്‍ക്ക് ഉള്ള തേനോ അല്ലെങ്കില്‍ തേനീച്ച കര്‍ഷകരില്‍ നിന്നോ തേന്‍ വാങ്ങാവുന്നതാണ്. തേന്‍ നിത്യ ജീവിതത്തില്‍ ഒരു ഭാഗമാക്കാന്‍ നമുക്ക് ശ്രമിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0479–2449268.

തേന്‍ ശുദ്ധമാണോ എന്നറിയാന്‍

തേനിലെ മായം കണ്ടത്താന്‍ രാസ പരിശോധന തന്നെ വേണ്ടിവരും. തേനിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ അവയ്ക്ക് അഗ്മാര്‍ക്ക് നല്‍കാറുണ്ട്. ഇത്തരം ഗുണനിലവാര മുദ്ര നോക്കി ശുദ്ധമായ തേന്‍ വാങ്ങാവുന്നതാണ്. വിശ്വാസമുള്ളയിടങ്ങളില്‍ നിന്നും തേന്‍ വാങ്ങുകയാണ് ശുദ്ധതയുറപ്പിക്കാനുള്ള മറ്റൊരു വഴി. വ്യക്തികളും വനിതാഗ്രൂപ്പുകളും തേനീച്ചകൃഷിയില്‍ വ്യാപൃതരായിരിക്കുന്ന ഇക്കാലത്ത് അവരില്‍ നിന്നും ശുദ്ധമായ തേന്‍ വാങ്ങാം.

തേനിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍

തേനീച്ചവളര്‍ത്തുന്നവര്‍ തേനിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ പുഴു അറയിലെ പഴയ കറുത്ത നിറത്തിലുള്ള അടകള്‍ മാറ്റി പുതിയ അട നിര്‍മിക്കണം. ഇതിനായി കൂട്ടിലെ അവസാനത്തെ (വലത്തേഅറ്റം) അടയെ മുഴുവനായി ചട്ടത്തില്‍ നിന്നും മുറിച്ചുമാറ്റിയശേഷം ഒഴിഞ്ഞ ചട്ടം മധ്യ ഭാഗത്ത് അടകളുടെ ഇടയില്‍ ഇട്ടുകൊടുക്കണം. തുടര്‍ന്നുള്ള 4–6 ദിവസങ്ങള്‍ കൊണ്ട് ഒഴിഞ്ഞ ചട്ടത്തില്‍ പുതിയ അട നിര്‍മിച്ചു കഴിയും. അട മുറിച്ചുമാറ്റിയ ചട്ടത്തില്‍ അടയുടെ കൃത്രിമ അടിസ്ഥാനം (കോമ്പ് ഫൗണ്ടേഷന്‍ ഷീറ്റ് ) വച്ചു പിടിപ്പിച്ച് മധ്യഭാഗത്ത് ഇട്ടുകൊടുക്കുന്നതും അഭികാമ്യമാണ്. ഇങ്ങനെ ചെയ്താല്‍ 2–3 ദിവസം കൊണ്ട് കോമ്പ് ഫൗണ്ടേഷന്റെ അടിസ്ഥാനത്തില്‍ രണ്ടു വശങ്ങളിലും പുതിയ അറകള്‍ നിര്‍മിച്ചുകഴിയും. ഇത്തരത്തില്‍ കൃത്രിമ അടിസ്ഥാനം നല്കുന്നതുമൂലം തേനീച്ചകള്‍ക്ക് ജോലി ഭാരം, മെഴുകിന്റെ ഉപയോഗം, സമയ ദൈര്‍ഘ്യം ഇവ കുറയ്ക്കാന്‍ സഹായിക്കും.

ഇനി ആവശ്യാനുസരണം തേനറകള്‍ സജ്ജമാക്കുകയാണ് വേണ്ടത്. ഇതിനായി പുഴു അറയിലെ വലത്തേ അറ്റത്തുള്ള അട പുറത്ത് എടുത്ത് ഈച്ചകളെമുഴുവന്‍ പുഴു അറയിലേക്ക് മാറ്റിയതിനുശേഷം അട മുഴുവനായി മുറിച്ചുമാറ്റി ഒഴിഞ്ഞ ചട്ടം വീണ്ടും കൂടിന്റെ മധ്യഭാഗത്ത് ഇട്ടുകൊടുക്കണം. മുറിച്ചുമാറ്റിയ അട ഒന്നര ഇഞ്ച് വീതിയില്‍ നെടുകെ മൂന്നായി മുറിക്കുക. ഓരോ കഷണവും തേനറയിലെ ചട്ടത്തിന്റെ താഴ്ഭാഗത്ത് വെച്ച് വാഴനാര് ഉപയോഗിച്ച് കെട്ടി ഉറപ്പിച്ച ശേഷം തേനറയുടെ ഇടത്തെ ഭാഗത്ത് ഇട്ടു കൊടുക്കുക. പുഴു അറയില്‍ കൂടുതലായി ഉണ്ടാകുന്ന വേലക്കാരി ഈച്ചകള്‍ ഇവിടെ പ്രവേശിച്ച് 5–7 ദിവസം കൊണ്ട് അട പൂര്‍ണമായും നിര്‍മിച്ചു കഴിയും. ഇത്തരത്തില്‍ ഒരേസമയത്ത് ഒരു ചട്ടത്തില്‍ മാത്രമെ മുറിച്ച കഷണങ്ങള്‍ ഘടിപ്പിക്കാവു. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ ചട്ടം മേല്‍പറഞ്ഞ രീതിയില്‍ നല്‍കേണ്ടതാണ്.

ദീര്‍ഘകാലം സൂക്ഷിക്കാന്‍

ചില സ്രോതസുകളില്‍ നിന്നും ലഭിക്കുന്ന തേന്‍ ദീര്‍ഘകാലം സൂക്ഷിക്കുകയോ ഫ്രിഡ്ജില്‍ വയ്ക്കുകയോ ചെയ്താല്‍ അടിയില്‍ പഞ്ചസാര പരലുകള്‍ രൂപപ്പെടുന്നതായി കാണാം. ഇതു തേനിനു ഗുണനിലവാരമില്ലാത്തതിനാലല്ല. തേനിലുള്ള പഞ്ചസാരകള്‍ അടിഞ്ഞുകൂടി പരലുകളായി മാറുന്നതാണ്. ഇത്തരം തേന്‍ പാത്രത്തോടെ ചെറുചൂട് വെള്ളത്തില്‍ കുറച്ചു സമയം വച്ചിരുന്നാല്‍ പലരുകള്‍ അലിഞ്ഞ് തേന്‍ പഴയ രീതിയിലായി കിട്ടും. സുക്രോസിന്റെ അംശം കൂടിയ സ്രോതസില്‍ നിന്നുള്ള തേനിലാണ് ഈ പരല്‍ രൂപീകരണം കൂടുതലായി കാണുന്നത്.

ശിവകുമാര്‍ ടി, ഡോ. പി. മുരളീധരന്‍
കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ

Related posts