വിവാഹവേദിയില്‍ എസിയില്ലെന്ന കാരണത്താൽ വധു വിവാഹത്തില്‍നിന്നു പിന്മാറി. ആഗ്രയ്ക്ക് അടുത്തുള്ള ശംഷാബാദ് പട്ടണത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ വേദിയിലെ ചൂട് കാരണം വധു അസ്വസ്ഥയായിരുന്നു, വരന്റെ കുടുംബത്തോട് വിവാഹവേദിയില്‍ എസി വേണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
ഇത് നിരസിക്കപ്പെട്ടതോടെ വാഗ്വാദമായി. അതിനിടെ വധു വിവാഹത്തില്‍നിന്നു പിന്മാറിയെന്ന് അറിയിച്ച് മണ്ഡപത്തില്‍നിന്ന് ഇറങ്ങി.
പരാതി ലഭിച്ചതനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിവാഹത്തിനില്ലെന്ന തീരുമാനത്തില്‍ വധു ഉറച്ചുനിന്നു.
വിവാഹത്തിന് ചെലവായ തുക വരന്റെ കുടുംബത്തിന് വധുവിന്റെ കുടുംബം തിരിച്ചുകൊടുത്തതോടെ വരനും കുടുംബവും സ്ഥലം വിടുകയുംചെയ്തു. വരന്റെ കുടുംബം സ്ത്രീധനക്കാര്യത്തില്‍ വാശി പിടിച്ചതിന് പിന്നാലെയാണ് എസി ഒരു പ്രശ്നമായി ഉയര്‍ന്നു വന്നതെന്നു പോലീസ് പിന്നീട് പറഞ്ഞു.