മണര്‍കാട്: ആഭിചാരക്രിയയുടെ പേരില്‍ യുവതിയെ മണിക്കൂറുകള്‍ നീളുന്ന ശാരീരിക, മാനസിക പീഡനം നടത്തിയ ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നു പേര് പോലീസ് പിടിയില്‍. പത്തനംതിട്ട പെരുംതുരുത്ത് പന്നിക്കുഴി മാടാച്ചിറ ശിവദാസ് (54), യുവതിയുടെ ഭര്‍ത്താവ് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണു മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതി ഭര്‍ത്താവിനൊപ്പം ഭര്തൃവീട്ടിലാണു താമസിച്ചിരുന്നത്.
യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞു യുവാവിന്റെ മാതാവ് ഇടപെട്ട് തിരുവല്ല മുത്തൂര്‍ സ്വദേശി ശിവന് തിരുമേനിയെന്ന പൂജാരിയെ (ശിവദാസ്) വിളിച്ചു വരുത്തി.
ഇയാളുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനു രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തി. ശരീരം പൊള്ളിക്കുകയും മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു.
യുവതിയുടെ മാനസികനില തകരാറിലായതിനെത്തുടര്‍ന്നു പിതാവ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഒന്നാംപ്രതിയെ തിരുവല്ല മുത്തൂര്‍ ഭാഗത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
കേസിലെ കൂട്ടുപ്രതിയായ യുവാവിന്റെ മാതാവ് ഒളിവിലാണ്. കോട്ടയം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജഡ്ജി എസ്. അനന്തകൃഷ്ണന് റിമാന്‍ഡ് ചെയ്തു.

