താലിയും വേണ്ട തട്ടവുംവേണ്ട; കെട്ടിപ്പിടിക്കുന്നതില്‍ നിന്നും ഉമ്മ വയ്ക്കുന്നതില്‍ നിന്നും ആര്‍ക്കും ഞങ്ങളെ തടയാനാവില്ല; ആര്‍ത്തവ ദിനങ്ങള്‍ ആഘോഷിക്കും; വ്യത്യസ്തമായ പെണ്‍കൂട്ടായ്മ ശ്രദ്ധേനേടുന്നു

kissആലിംഗനം ചെയ്യുന്നതില്‍ നിന്നും ഉമ്മവയ്ക്കുന്നതില്‍ നിന്നും ഞങ്ങളെ തടയാന്‍ ആര്‍ക്കാണധികാരം. ആര്‍ത്തവദിനങ്ങള്‍ ഞങ്ങള്‍ക്ക് ആഘോഷിക്കാനുള്ളതാണ്. തുടങ്ങിയ പ്രഖ്യാപനങ്ങളുമായി തൃശൂരില്‍ സംഘടിപ്പിച്ച പെണ്‍ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുമ്പില്‍ ബുധനാഴ്ചയായിരുന്നു പെണ്‍കൂട്ടായ്മയുടെ പ്രകടനം.

കെ.എസ്.യു.ക്കാരുടെ സമരം പ്രതിരോധിക്കാന്‍ വന്ന പൊലീസും കാഴ്ചക്കാരാരി എത്തിയതോടെ ജനങ്ങളും അമ്പരന്നു. തൃശ്ശൂര്‍ യൂത്ത് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മ ജനനയന ഗായകസംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന വീഡിയോ ഗാനചിത്രീകരണമാണ് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടന്നത്. ഊരാളി ഗായകസംഘം പാടുകയും പിന്നീട് മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ പ്രശസ്തമാവുകയും ചെയ്ത ഏമാന്മാരെ ഏമാന്മാരെ എന്ന ഗാനത്തിന്റെ സ്ത്രീപക്ഷ ബദല്‍ ആണ് ഇതെന്ന് സംഘാടകര്‍ പറയുന്നു.

സ്വാതന്ത്ര്യത്തോടെ രാത്രിയും ഒറ്റയ്ക്കിറങ്ങി നടക്കും, മുടിവെട്ടിയും ലെഗ്ഗിന്‍സ് ധരിച്ചും നടക്കും, താലിയിടില്ല തട്ടമിടില്ല ചോദിക്കാന്‍ വന്നാല്‍ പേടിക്കില്ല. അതൊക്കെ ഞങ്ങളുടെ ഇഷ്ടമാണെന്ന് പാട്ടില്‍ പറയുന്നു. പെണ്‍കുട്ടികളും ഭിന്നലിംഗക്കാരുമടക്കം ഇരുപതോളം പേര്‍ ഉറച്ച ചുവടുകളുമായി താളം ചവിട്ടി. ചെണ്ടയും ഗിറ്റാറും മറ്റ് വാദ്യങ്ങളുമായി സ്ത്രീകള്‍ തന്നെയാണ് പിന്നണിയിലും ഉണ്ടായിരുന്നത് ഭരണകൂട ഭീകരതയ്ക്കും സദാചാര പൊലീസിംഗിനുമെതിരേയുള്ള പ്രഖ്യാപനമാണ് ഗാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. എന്തായാലും ഈ വേറിട്ട സമരരീതി ജനശ്രദ്ധയാകര്‍ഷിക്കുകയാണ്.

Related posts