വനിതാ മതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പുകാര്‍ക്ക് വേതനത്തോടുകൂടി രണ്ട് അവധി! പാരിതോഷികമായി 250 രൂപ മതിലിന്റെ ചെലവിലേക്ക്; പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

വനിതാ മതില്‍ എന്ന ലക്ഷ്യത്തിന് പുറകേയാണ് ഇപ്പോള്‍ സര്‍ക്കാര്‍. നവോത്ഥാനം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ സ്ത്രീ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ഈ മുന്നേറ്റത്തിന് പക്ഷേ വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും മതിലിനുവേണ്ടി എടുക്കുന്നില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ പുറത്ത് വരുന്ന പല റിപ്പോര്‍ട്ടുകളും പ്രകാരം മതില്‍ പണിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പലവിധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് തൊഴിലുറപ്പുകാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ആനുകൂല്യങ്ങള്‍.

വനിതാമതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പുകാര്‍ക്ക് വേതനത്തോടു കൂടി 2 ദിവസത്തെ അവധിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മതിലില്‍ പരമാവധി തൊഴിലുറപ്പുകാരെ പങ്കാളികളാക്കണമെന്നും എന്നാല്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നുമാണു ഔദ്യോഗിക നിര്‍ദേശം. എന്നാല്‍, മതില്‍ ദിവസവും ആ മാസം തന്നെ മറ്റൊരു ദിവസവും വേതനത്തോടുകൂടി അവധി നല്‍കാന്‍ വാക്കാല്‍ നിര്‍ദേശമുണ്ട്. ജനുവരി ഒന്നിനു ഹാജര്‍ ബുക്ക് (മസ്റ്റര്‍ റോള്‍) പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കു നല്‍കുമ്പോള്‍ തൊഴിലാളികളുടെ ഒപ്പ് രേഖപ്പെടുത്താനാണു നീക്കം.

വേതനത്തോടു കൂടിയ രണ്ട് അവധിക്ക് പാരിതോഷികമായി 250 രൂപ മതിലിന്റെ ചെലവിലേക്കു നല്‍കണമെന്നു തെക്കന്‍ ജില്ലകളിലെ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പങ്കെടുത്തില്ലെങ്കില്‍ മസ്റ്റര്‍റോളില്‍ നിന്ന് ഒഴിവാക്കുമെന്നാണു ചില ജില്ലകളിലെ മുന്നറിയിപ്പ്. നിശ്ചിത എണ്ണം തൊഴിലാളികളെ പങ്കെടുപ്പിക്കാനും ചിലയിടത്തു നിര്‍ദേശമുണ്ട്. ഇവരുടെ തൊഴില്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങളുടെ പട്ടിക തയാറാക്കണം. കഴിഞ്ഞ ദിവസം മതിലിന്റെ പ്രചാരണ പരിപാടിയില്‍ വേതനത്തോടുകൂടി അവധി നല്‍കി തൊഴിലുറപ്പുകാരെ പങ്കെടുപ്പിച്ചിരുന്നു.

Related posts