ഒരു കിലോ അരി വാങ്ങിയ ശേഷം അരിയുടെ വിലയായി 15,000 രൂപയുടെ ചെക്ക് കൊടുത്താലോ.. കിൻമെമൈ പ്രീമിയം അരി വാങ്ങിയാൽ അങ്ങിനെയൊരു ചെക്ക് കൊടുക്കേണ്ടി വരും. അല്ലെങ്കിൽ 15,000 രൂപ എണ്ണിക്കൊടുക്കേണ്ടി വരും. ലോകത്തിലെ വില കൂടിയ അരികളിലൊന്നാണ് കിൻമെമൈ പ്രീമിയം അരി. ജപ്പാനിൽ നിന്നാണ് പ്രൈസ് വളരെ കൂടുതലുള്ള ഈ റൈസിന്റെ വരവ്.
അരി കഴുകി അടുപ്പത്തിട്ടോ എന്ന് ചോദ്യം കിൻമെമൈ പ്രീമിയം അരിയുടെ കാര്യത്തിൽ വേണ്ട. കാരണം ഈ അരി കഴുകാതെ തന്നെ ഉപയോഗിക്കാം. അതായത് കഴുകാതെ തന്നെ അരി അടുപ്പത്തിടാം. അതുകൊണ്ടുതന്നെ അരിയുടെ പോഷകഗുണങ്ങൾ ഒട്ടും ചോർന്നുപോകാതെ അരി വേവിച്ചെടുത്ത് ചോറു കഴിക്കാം.
വളരെ മൃദുവാണ് കിൻമെമൈ പ്രീമിയം അരിയുടെ ചോറ്. പ്രത്യേകമായി തയാറാക്കുന്ന അരിയായതുകൊണ്ട് പോഷകഗുണങ്ങളേറെയാണ്. കഴുകാതെ ഉപയോഗിക്കാമെന്നതിനാൽ പോഷകഗുണങ്ങൾ കഴുകിക്കളയുന്പോൾ പോകുമെന്ന പേടി വേണ്ട.
നമ്മുടെ നാട്ടിൽ കിട്ടുന്ന പൊന്നി അരി പോലെ വെളുത്ത അരിയാണിത്. മൃദുവാണെന്നതിനൊപ്പം ദഹനത്തിന് എറെ എളുപ്പവുമാണ്. സാധാരണ വെള്ള അരിയേക്കാൾ പോഷകസമൃദ്ധമാണിത്. രുചിയും ഏറെയാണ്. അതുകൊണ്ടു തന്നെ പണമുള്ളവർ രുചികരമായ ഈ അരി വാങ്ങുന്നുണ്ട്.
2016ൽ ഏറ്റവും വിലയേറിയ അരി എന്ന ഗിന്നസ് റിക്കാർഡ് ഈ അരിക്ക് ലഭിച്ചു. പേറ്റന്റ് നേടിയ ജാപ്പനീസ് മില്ലിംഗ് സാങ്കേതികവിദ്യയാണ് ഈ അരിയുടെ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ധാരാളം അന്നജം അടങ്ങിയ അരികൂടിയാണിത്. ഉത്പാദനത്തിലെ വ്യത്യസ്തതയാണ് ഇതിന് രൂചിയും ഗുണങ്ങളും കൂട്ടുന്നതത്രെ.
ജപ്പാനിലെ ടോയോ റൈസ് കോർപ്പറേഷനാണ് കിൻമെമൈ പ്രീമിയം നിർമിക്കുന്നത്. അഞ്ച് തരം ജാപ്പനീസ് അരികളിൽ നിന്ന് തെരഞ്ഞെടുത്ത ധാന്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ അരിയെന്നാണ് പറയുന്നത്. ഇത് വെള്ള, തവിട്ട് എന്നീ രണ്ട് ഇനങ്ങളിലും ലഭ്യമാണ്, ഉയർന്ന നാരുകളും വിറ്റാമിനുകളും പോഷകഗുണം ഉറപ്പുതരുന്നു.
കിൻമെമൈ ബെറ്റർ വെളുത്ത അരിയിൽ സാധാരണ അരിയെ അപേക്ഷിച്ച് 1.8 മടങ്ങ് കൂടുതൽ നാരുകളും ഏഴു മടങ്ങ് വിറ്റാമിൻ ബി 1 ഉം അടങ്ങിയിട്ടുണ്ട്, ഇത് സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ ആറ് മടങ്ങ് കൂടുതൽ ലിപ്പോപൊളിസാക്കറൈഡുകൾ (എൽപിഎസ്) അടങ്ങിയിട്ടുണ്ട്, ഇത് പനി, അണുബാധ, കാൻസർ, ഡിമെൻഷ്യ എന്നിവയ്ക്കെതിരേ പോരാടാൻ സഹായിക്കുന്ന പ്രകൃതിദത്ത രോഗപ്രതിരോധ ബൂസ്റ്ററാണ് എന്നും അവകാശങ്ങളുണ്ട്.
ടെക്നോളജിക്കൊപ്പം ജപ്പാൻ കാർഷിക മേഖലയിലും തങ്ങളുടെ മികവ് പുലർത്തിയിട്ടുണ്ട്. കിൻമെമൈ അരിയുടെ ഉത്ഭവം ജപ്പാന്റെ സന്പന്നമായ കാർഷിക പൈതൃകത്തിൽ നിന്നാണ്. കിൻമെമൈ എന്ന വാക്കിന്റെ അർഥം സ്വർണം മിനുക്കിയ അരി എന്നാണ്. പരന്പരാഗത വെളുത്ത അരി പൊടിച്ച് പുറംതൊലി, തവിട് പാളികൾ എന്നിവ നീക്കം ചെയ്യുന്നു. കിൻമെമൈ സബ്-അലൂറോണ് പാളി സംരക്ഷിക്കുന്ന ഒരു പേറ്റന്റ് പ്രക്രിയയ്ക്ക് വിധേയമാകുന്നു.
പോളിഷിംഗ് സമയത്ത് സാധാരണയായി നഷ്ടപ്പെടുന്ന ധാന്യത്തിന്റെ പോഷകസമൃദ്ധമായ ഭാഗമാണിത്. അരിക്ക് സ്വർണ നിറം നിലനിർത്താൻ ഈ സാങ്കേതികവിദ്യ ഉറപ്പാക്കുന്നു, അതിനാൽ സ്വർണ അരി എന്ന പേര് ലഭിച്ചു. പ്രകൃതിദത്തമായ അവസ്ഥകൾക്ക് പേരുകേട്ട ജപ്പാനിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് ഈ അരി കൃഷി ചെയ്യുന്നത്.
2016ൽ ജപ്പാനിൽ ഒരു വലിയ പരിപാടി നടന്നു, അവിടെ ലോകമെന്പാടുമുള്ള 6,000 വ്യത്യസ്ത തരം അരികൾ പ്രദർശിപ്പിച്ചു. വാർഷിക അന്താരാഷ്ട്ര അരി പരിശോധന മത്സരം എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ഈ എല്ലാ അരി ഇനങ്ങളിൽനിന്നും, ജപ്പാനിലെ മികച്ച അരി വിദഗ്ധർ ഏറ്റവും ചെലവേറിയതായി കിൻമെമൈ പ്രീമിയം അരി തെരഞ്ഞെടുത്തു.
പാകം ചെയ്യുന്പോൾ ഏറ്റവും മികച്ച രുചിയുള്ളതും സോഫ്റ്റായതുമായ അരിയെന്നാണ് അവർ കിൻമെമൈ അരിയെ വിശേഷിപ്പിച്ചത്. അപ്പോൾ കൈയിൽ കാശുണ്ടെങ്കിൽ ഈ ലോകഭക്ഷ്യദിനം കിൻമെമൈ അരി വാങ്ങി ചോറു വെച്ചാലോ….മറക്കണ്ട..അരി കഴുകാതെ അടുപ്പത്തിടാം.
- ഋഷി