പെരുമ്പാവൂർ: ഫോട്ടോ ഷൂട്ടിനായി എത്തിയ സൗത്ത് ഡൽഹി സ്വദേശിയായ യുവാവ് പാറമടയിൽ മുങ്ങിമരിച്ചു. സൗത്ത് ഡൽഹി സ്വദേശി കുരൺ ചന്ദ്ര ജോഷി മകൻ ദിവ്യാൻഷൂ ജോഷി (26) ആണ് കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിൽ പെട്ടമല പാറമടയിൽ മുങ്ങി മരിച്ചത്.
ഇന്നലെ ഉച്ചയോടെ ഫോട്ടോ ഷൂട്ടിനായി ഡൽഹിയിൽ നിന്നും പതിനഞ്ചോളം വരുന്ന സംഘമാണ് അവിടെ എത്തിയത്. ഇതിൽ ദിവ്യാൻഷൂ ജോഷിയും രണ്ട് സുഹൃത്തുക്കളുമാണ് ആദ്യം എത്തിയത്. എന്നാൽ പാറമടയിൽ ദിവ്യാൻഷു ജോഷി ഇറങ്ങി നോക്കിയപ്പോൾ തന്നെ മുങ്ങിപോകുകയായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം പാതളക്കരണ്ടി ഉപയോഗിച്ച് യുവാവിനെ പുറത്തെത്തിച്ച് പെരുമ്പാവൂർ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം നൂറ് അടിക്കു മുകളിൽ ആഴമുള്ള പാറമടയിൽ ഏകദേശം 30 അടി ആഴത്തിലേക്ക് യുവാവ് മുങ്ങിപോയിരുന്നു. ഫോട്ടോ ഷൂട്ടിലെ മോഡലായിരുന്നു ജോഷി.
വസ്ത്രത്തിന്റെ ബ്രാൻഡുമായി ബന്ധപ്പെട്ട് പരസ്യ ചിത്രീകരണത്തിനാണ് ഈ സംഘം എത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
