തൃശൂർ: യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോണ്ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ വച്ച് സുജിത്തിനെ കാണും. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് പറയുന്നത്.
ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ പത്താംതീയതി കുറ്റക്കാരായ പോലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ തൃശൂർ ഡിഐജി ഹരിശങ്കർ സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. നാല് പോലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തായാണ് റിപ്പോർട്ട്.
പണം തന്ന് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സുജിത്
തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനക്കേസിൽ പരാതിക്കാരായ തന്നെ പണം തന്ന് സ്വാധീനിച്ച് കേസ് ഒതുക്കാൻ പോലീസ് ശ്രമിച്ചെന്ന് സുജിത്. 20ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തെന്ന് സുജിത് പറയുന്നു. നാലുപേരല്ല തന്നെ അഞ്ചു പേർ ചേർന്നാണ് മർദ്ദിച്ചതെന്നും അഞ്ചാമത്തെയാൾ പോലീസ് ഡ്രൈവറായിരുന്നുവെന്നും ഇന്ന് അയാൾ റവന്യൂവകുപ്പിലാണ് ജോലി ചെയ്യുന്നതെന്നും അയാൾക്കെതിരെയും കേസെടുക്കണമെന്നും സുജിതും കൂട്ടരും ആവശ്യപ്പെട്ടു.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ സിസിടിവി ഇല്ലാത്ത ഇടിമുറി മുകളിലുണ്ടെന്നും അവിടെ ക്രൂരമായ മർദ്ദനമാണ് നടക്കാറുള്ളതെന്നും സുജിത് ആരോപിച്ചു. പണവുമായി നേരിട്ടും ഇടനിലക്കാർ വഴിയും സ്വാധീനിക്കാൻ ശ്രമിച്ചെന്നും എന്നാൽ നിയമപോരാട്ടവുമായി മുന്നോട്ടുതന്നെ പോകുമെന്നും സുജിത് പറഞ്ഞു.