ആപ്പിളിന്റെ ആന്വല്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഡബ്ല്യുഡബ്ല്യുഡിസി സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അവിത വിജയ് എന്ന ഒമ്പതുകാരി. ഒമ്പതു വയസാണെങ്കിലും ഐ ഒഎസ് കോഡിംഗില്‍ കക്ഷി മിടുക്കിയാണ്. അതുതന്നെയാണ് ആപ്പിളിന്റെ സ്കോളര്‍ഷിപ്പ് നേടാന്‍ കാരണവും. 350 പേര്‍ക്കായിരുന്നു ഇത്തവണ സ്കോളര്‍ഷിപ്പ് ലഭിച്ചത്. ഇതില്‍ 120 പേര് 18 വയസിനു താഴെയുള്ളവരായിരുന്നു. പത്തു വയസില്‍ താഴെയുള്ളവരില്‍ ഏക അംഗം അവിത മാത്രവും.
ആപ്പിളിന്റെ ഐഫോണിനും ഐപാഡിനും വേണ്ടി അവിത ആപ്ലിക്കേഷനുകള്‍ തയാറാക്കിയിരുന്നു. അവിതയുടെ സ്മാര്ക്കിന്സ് ആനിമല്‍ എന്ന ആപ്ലിക്കേഷന്‍ കുട്ടികള്‍ക്ക് മൃഗങ്ങളുടെ പേരും ശബ്ദവും പഠിക്കാന്‍ ഉപകരിക്കും. ഒരു ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ നിരവധി കാര്യങ്ങളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. പ്രോട്ടോടൈപ്പിംഗ്, ഡിസൈനിംഗ്, ഫ്രേംമിംഗ് തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുമെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു.