മൂലേടം: കള്ളുമൂത്ത് ആസാം സ്വദേശികള്‍ സംഘര്‍ഷമുണ്ടാക്കിയ മൂലേടത്തും സമീപപ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ ക്കിടയില്‍ കള്ളു മാത്രമല്ല കഞ്ചാവും വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി സൂചന. പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു ആയിര ക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മൂലേടം, കടുവാക്കുളം, പാക്കില്‍, പൂവന്തുരുത്ത്, കാട്ടാമ്പാക്ക് പ്രദേശങ്ങളി ലായിട്ടാണ് ഇവരുടെ വാസം. ഇവരില്‍ വലിയൊരു വിഭാഗം മാന്യമായി ജോലി ചെയ്താണ് ജീവിക്കുന്നതെങ്കിലും കുറെപ്പേര്‍ ലഹരിക്കും മറ്റും അടിമകളാണ്.
മദ്യം കഴിച്ചു ലക്കുകെട്ട അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ത്തല്ലിയ നിരവധി സംഭവങ്ങള്‍ ഈ മേഖലയില്‍ അരങ്ങേറിയിട്ടുണ്ട്. ഇന്‍ഡ സ്ട്രിയല്‍ ഏരിയയിലും മറ്റു മേഖലകളിലുമായി ഇവര്‍ക്കിടയില്‍ കഞ്ചാവ് വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണെ്ടന്നാണ് സൂചന. നാട്ടുകാരുടെ പരാതി ശക്തമായതിനെ ത്തുടര്‍ന്ന് നേരത്തെ പോലീസ് ഈ മേഖലയില്‍ പരിശോ ധനകള്‍ നടത്തിയിരുന്നു. എന്നാല്‍, പോലീസ് പിന്‍വാങ്ങിയതോടെ കഞ്ചാവ് കച്ചവടം തകൃതിയാണ്. പാറമ്പുഴ കൂട്ടക്കൊല ഉണ്ടായതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ ചിലരൊക്കെ വാടകക്കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാല്‍, അതു മറന്നു തുടങ്ങിയതോടെ വീണ്ടും ഇവരുടെ സാന്നിധ്യം ശക്തമായിട്ടുണ്ട്.
ജോലി ഒഴിവുള്ള ഞായറാഴ്ചകളില്‍ വലിയൊരു വിഭാഗം തൊഴിലാളികള്‍ കോട്ടയം പട്ടണത്തിലെത്തു കയാണ് പതിവ്. ചിലര്‍ സമീപപ്രദേശങ്ങളിലെ കള്ളുഷാപ്പുകളില്‍ തമ്പടിക്കും. രാവിലെമുതല്‍ ഇക്കൂട്ടരെ ഷാപ്പുകളില്‍ കാണാം. ഇങ്ങനെ എത്തിയവരാണ് ഇന്നലെ മണിപ്പുഴ ഷാപ്പിനുമുന്നില്‍ നാട്ടു കാരുമായി പ്രശ്‌നമുണ്ടാക്കിയത്. മൂലേടം സ്വദേശിയായ അരുണിന്റെ വീട്ടിലാണ് ആസാം സ്വദേശികളായ രണ്ടു യുവാക്കള്‍ ബഹളവുമായെത്തിയതായി പരാതിയുള്ളത്. അരുണിന്റെ സഹോദരനുമായി ഉണ്ടായ വാക്കു തര്‍ക്കമാണു സംഘര്‍ഷത്തിലെത്തിയത്. ചെറിയ പ്രശ്‌ന മുണ്ടായാല്‍ പോലും നാട്ടുകാര്‍ കര്‍ശനമായി ഇടപെടുമെന്ന തിനാല്‍ നാട്ടുകാരോട് അത്രയ്ക്കു പ്രശ്‌നം ഇതുവരെ ഉണ്ടായി രുന്നില്ല.
എന്നാല്‍, നിഷ്ഠുരമായ ജിഷാവധം അരങ്ങേറിയതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ യാതൊരു നിയന്ത്രണവുമില്ലാത്ത പോക്കില്‍ നാട്ടുകാരും ആശങ്കയിലാണ്. അതുകൊണ്ടുതന്നെ ആസാം സ്വദേശികള്‍ ആക്രമണത്തിനെത്തി എന്ന വാര്‍ത്ത കേട്ടതോടെ നൂറു കണക്കിനു പേരാണ് ഇന്നലെ മൂലേടം അമൃത വിദ്യാലയത്തിനു സമീപ മുള്ള വീടിനു മുന്നിലേക്ക് എത്തിയത്.
മൂലേടത്ത് ആസാം സ്വദേശികളുടെ അതിക്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: മൂലേടത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു. മൂലവട്ടം ദിവാന്‍പുരത്തെ റബര്‍ മാറ്റ് ഫാക്ടറി ജീവനക്കാരും ആസാം സ്വദേശികളുമായ ദിബാന്‍കോ(24), ജിത്തു (26) എന്നിവരെയാണ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തത്. മണിപ്പുഴ ഷാപ്പിന് സമീപം ഇതരസംസ്ഥാന തൊഴിലാളികളുമായി നടന്ന വാക്കുതര്‍ക്കമാണ് വീട് കയറിയുള്ള അടിപിടിയില്‍ കലാശിച്ചത്.
മൂലവട്ടം അമൃത സ്കൂളിനു സമീപം താമസിക്കുന്ന അരുണിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മണിപ്പുഴ ഷാപ്പിനു സമീപത്തായിരുന്നു സംഭവത്തിന്റെ തുടക്കം. അരുണിന്റെ സഹോദരന്‍ അനൂപും സുഹൃത്തും ചിങ്ങവനം സ്വദേശിയുമായ സജിയും ബൈക്കില്‍ വരുന്നതിനിടെ ആസാം സ്വദേശിയുമായി വാക്കു തര്‍ക്കവും നേരിയ സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് ആസാം സ്വദേശികള്‍ അനൂപിന്റെ വീട്ടിലെത്തി. ആ സമയത്ത് അരുണും അമ്മയും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
സഹോദരനോടൊപ്പമുള്ളയാള്‍ തങ്ങളെ മര്‍ദിച്ചുവെന്നും അയാളെ തിരിച്ചു തല്ലാനാണ് വന്നതെന്നും ആസാം സ്വദേശികള്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ വീട്ടിലേക്കു അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ടു ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസുകാര്‍ പറഞ്ഞു.
വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയ ആസാം സ്വദേശികളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരെ പിന്നീട് കരാറുകാരനൊപ്പം വിട്ടയച്ചു. അതേസമയം ഇതരസംസ്ഥാന തൊഴിലാളികളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത യുവാക്കളുടെ വീടു കയറി ആക്രമണം നടത്തുകയായിരുന്നുവെന്നു നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് ഇരു കൂട്ടരും പരാതി തന്നിട്ടുള്ളതായി ചിങ്ങവനം എസ്‌ഐ എം.എസ്. ഷിബു അറിയിച്ചു.