ചാത്തന്നൂര്‍: ഇത്തിക്കരയില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വാഹനാപകടങ്ങള്‍ സൃഷ്ടിക്കു ന്നതായി പരാതി. ചാത്തന്നൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇത്തിക്കരയിലെത്തി ആദിച്ചനല്ലൂരിലേക്ക് തിരിയുന്ന ഭാഗത്ത് ഡിവൈഡറിന് മുകളിലാണ് വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് റോഡ് കാണാത്ത രീതിയില്‍ മറച്ച് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ വളവ് തിരിയുമ്പോള്‍ എതിരേ വാഹനം വരുന്നത് ഫ്‌ളക്‌സ് ബോര്‍ഡ് കാരണം ഡ്രൈവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഇതിനാല്‍ പലപ്പോഴും അപകടങ്ങള്‍ ഇവിടെ പതിവാണ്.
പഞ്ചായത്ത് അധികൃതരോ പോലീസോ ഇതിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പരിപാടികള്‍ അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ അവയുടെ തീയതി കഴിഞ്ഞിട്ടും എടുത്തുമാറ്റിയിട്ടില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ആരാധനാലയങ്ങളുടേയും ഉള്‍പ്പെടെ നിരവധി ബോര്‍ഡുകളാണ് ഇത്തിക്കര യിലും പരിസരപ്രദേശങ്ങളിലും ഗതാഗത പ്രശ്‌നം സൃഷ്ടിച്ച് സ്ഥാപിച്ചിരിക്കുന്നത്. ഇവ അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.