കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പ്ലാന്റില്‍ നിന്നുള്ള ഇന്ധനനീക്കം പുനരാരംഭിച്ചു. ഇന്നു രാവിലെ ഇരുമ്പനത്ത് ചേര്‍ന്ന തൊഴിലാളികളുടെ വിശദീകരണ യോഗത്തിന് ശേഷമാണ് പ്ലാന്റില്‍ നിന്നും ടാങ്കറുകള്‍ ഇന്ധനനീക്കം ആരംഭിച്ചത്. രാവിലെ 10ന് മുമ്പായി തന്നെ 100 ഓളം ടാങ്കറുകള്‍ ഇന്ധനവിതരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞനാലു ദിവസത്തെ ടാങ്കര്‍ സമരത്തില്‍ സംസ്ഥാനത്തെ ഐഒസി പമ്പുകള്‍ മിക്കതും കാലിയായ അവസ്ഥയിലായിരുന്നു. സംസ്ഥാനത്തെ 950 പമ്പുകളിലേക്കാണ് ഐഒസിയില്‍ നിന്നും ഇന്ധനം വിതരണം ചെയ്തിരുന്നത്. ഇതില്‍ ഏഴു ജില്ലകളിലെ 700 ഓളം പമ്പുകള്‍ സമരത്തെ തുടര്‍ന്ന് പൂട്ടിയിരുന്നു. ഇന്ധനനീക്കം പുനരാരംഭിച്ച സാഹചര്യത്തില്‍ പമ്പുകളില്‍ നിന്നുള്ള വിതരണം പൂര്‍വ സ്ഥിതിയിലെത്താന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും.
ഇന്നലെ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഐഒസി മാനേജ്്‌മെന്റ് പ്രതിനിധികളും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. നിലവിലുള്ള ടെന്‍ഡര്‍ നടപടികള്‍ താത്കാലികമായി മരവിപ്പിക്കാനും ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ വരെ നീട്ടിവെയ്ക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ടെന്‍ഡര്‍ നടപടികളില്‍ അപാകത എന്ന കാരണത്താലാണ് സമരമുണ്ടായത്. ഡിസംബര്‍ മൂന്നിനുള്ളില്‍ കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ചര്‍ച്ചയില്‍ തീരുമാനമുണ്ടായി.