എംജി: സിന്‍ഡിക്കേറ്റ് പൊളിച്ചെഴുതി; എന്‍എസ്എസ് പിന്തുണനേടാന്‍ ഡോ.പി. സുജാതയെ വീണ്ടും ഉള്‍പ്പെടുത്തി

ktm0mgകോട്ടയം: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എംജി വാഴ്‌സിറ്റി സിന്‍ഡിക്കേറ്റ് പൊളിച്ചെഴുതി.   പിരിച്ചുവിടപ്പെട്ട സിന്‍ഡിക്കേറ്റിലെ അംഗവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. സുകുമാരന്‍ നായരുടെ പുത്രിയുമായ ഡോ. പി. സുജാത(എന്‍എസ്എസ് കോളജ,് ചങ്ങനാശേരി)യെ പുതിയ സര്‍ക്കാര്‍ ഇന്നലെ നിയമിച്ച സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍എസ്എസിന്റെ പിന്തുണ തേടുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണു സൂചന.

പിരിച്ചുവിടപ്പെട്ട 15 അംഗ സിന്‍ഡിക്കറ്റില്‍ വിദ്യാര്‍ഥി പ്രതിനിധി ഒഴികെ മൂന്നു പേരുടെ ഒഴിവുണ്ടായിരുന്നു. എംജി വാഴ്‌സിറ്റി സ്കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ പ്രഫ. മാടവന ബാലകൃഷ്ണപിള്ള, ഡോ. പി. സുജാത, പ്രഫ. ബാബു മൈക്കില്‍ (എസ്ബി ചങ്ങനാശേരി), ഡോ. എം.ഇ. കുര്യാക്കോസ് (കെഇ പാമ്പാടി), ഡോ. അജീസ് ബെന്‍ മാത്യൂസ് (ബിസിഎം കോട്ടയം) എന്നിവര്‍ നിയമിതരായിട്ട് ആറു മാസം മാത്രമേ ആയിട്ടുള്ളു. നാലു വര്‍ഷ കാലാവധിയുള്ള സിന്‍ഡിക്കറ്റില്‍ ഒഴിവുകള്‍ വരുന്ന ക്രമത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ നിയമനമുണ്ടാകുക.

ഇന്നലെ നിയമിതരായ സിപിഎം പ്രതിനിധികളായ പി.കെ. ഹരികുമാര്‍, എംഎല്‍എ പ്രതിനിധി രാജു എബ്രഹാം എന്നിവര്‍ മുന്‍ ഇടതുസര്‍ക്കാര്‍ ഭരണത്തിലും സിന്‍ഡിക്കേറ്റിലുണ്ടായിരുന്നു. പുതിയ അംഗങ്ങളില്‍ ഭൂരിപക്ഷവും ഇടതു അനുഭാവികളോ സിപിഎം സഹയാത്രികരോ ആണ.സണ്ണി കെ. ജോര്‍ജ് (എംഎ കോളജ് കോതമംഗലം) പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ (ഡിബി പമ്പ), ഡോ. പി.കെ. സോമശേഖരന്‍ ഉണ്ണി, റവ.ഡോ. ടോമി ജോസഫ് (എസ്ബി ചങ്ങനാശേരി), പ്രഫ. സി.എച്ച്. അബ്ദുള്‍ ലത്തീഫ് (മഹാരാജാസ് എറണാകുളം), പ്രഫ. കെ.എസ്. ഇന്ദു (ഡിബി തലയോലപ്പറമ്പ്) ഡോ. എന്‍. ജയകുമാര്‍ (മഹാരാജാസ് എറണാകുളം), ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ എന്നിവരായിരുന്നു കഴിഞ്ഞ സിന്‍ഡിക്കറ്റിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.

യൂണിവേഴ്‌സിറ്റി ആസ്ഥാനം ഉള്‍പ്പെടുന്ന ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ സിപിഎം എല്‍എല്‍എ സുരേഷ് കുറുപ്പിനെ ഒഴിവാക്കിയാണ് റാന്നി എംഎല്‍എ രാജു എബ്രഹാമിനെ സിന്‍ഡിക്കറ്റില്‍ വീണ്ടും നിയമിച്ചത്. സുരേഷ് കുറുപ്പ് സിപിഎമ്മില്‍ വിഎസ് പക്ഷ അനുഭാവിയാണെന്നതിനാലാണ് ഇദ്ദേഹത്തിനു മന്ത്രി, സ്പീക്കര്‍ പദവികള്‍ ലഭിക്കാതിരുന്നതെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് സിന്‍ഡിക്കേറ്റിലും അംഗത്വം ലഭിക്കാതെ വന്നിരിക്കുന്നത്. പുതുതായി നിയമിതനായ പി. ഹരികുമാറിനെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയത്ത് പരിഗണിക്കുകയും ഇദ്ദേഹത്തിനുവേണ്ടി ചുവരെഴുത്ത് തുടങ്ങുകയും ചെയ്തശേഷമാണ്

സീറ്റ് ജനതാദളിന് നല്‍കിയത്. ഇതിനു പരിഹാരമായാണ് ഹരികുമാറിനു വീണ്ടും പരിഗണന ലഭിച്ചത്.   കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്‌സാണ്ടറെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റില്‍ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നു. പെയ്‌മെന്റ് സീറ്റ് എന്ന ആരോപണം സിപിഐക്കുമേല്‍ വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് ഉന്നത സമ്മര്‍ദങ്ങള്‍ അവഗണിച്ചു അവസാനറൗണ്ടില്‍ ഒഴിവാക്കി സിപിഐ നേതാവ് വി.ബി. ബിനുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

Related posts