എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി തട്ടിപ്പ്; നിരവധി പേര്‍ക്കു പണം നഷ്ടമായി

kkd-atmപൊന്‍കുന്നം:  ഇളങ്ങുളം മേഖലയില്‍ എസ്ബിടി അക്കൗണ്ടുകള്‍ ഉള്ളവരുടെ എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി പണം തട്ടിയതായി പരാതി. തട്ടിപ്പിനിരയായ നിരവധി പേരില്‍ ചിലരാണ് ഇതുസംബന്ധിച്ചു പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൂരാലി വേഴമ്പശേരില്‍ പ്രിന്‍സ് തോമസ്, മറ്റപ്പള്ളി സോബി, പന്തമാക്കല്‍ പന്തിരുവേലില്‍ ചാര്‍ളി മാത്യു തുടങ്ങിയവരാണ് പരാതി നല്‍കിയത്. പ്രിന്‍സിന് 12,000 രൂപയും സോബിക്ക് 11,000 രൂപയും ചാര്‍ളിക്ക് 13,000 രൂപയുമാണ് നഷ്ടപ്പെട്ടത്. 66,000 രൂപ വരെ നഷ്ടപ്പെട്ട അക്കൗണ്ട് ഉടമകള്‍ വരെ ഉണ്ടെന്നാണു വിവരം. എന്നാല്‍ മാനക്കേടോര്‍ത്തു പലരും പരാതി നല്‍കിയിട്ടില്ല. നിരവധി പേരെ വിളിച്ചെങ്കിലും പലരും സംശയം തോന്നിയതിനാല്‍ വിവരങ്ങള്‍ നല്‍കിയില്ല.

ഇളങ്ങുളം സ്‌റ്റേറ്റ് ബാങ്കില്‍ നിന്നാണെന്ന വ്യാജേന വീടുകളിലേക്കു ഫോണ്‍ വിളിച്ച്  എടിഎം കാര്‍ഡ് പുതുക്കണമെന്നും അതിനായി എടിഎം കാര്‍ഡിന്റെ സീരിയല്‍ നമ്പര്‍ വിളിച്ചയാള്‍ തന്നെ അക്കൗണ്ട് ഉടമയെ ബോധ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് മൊബൈലിലേക്ക് ഒരു മെസേജ് വന്നിട്ടുണ്ടെന്നും ഇതിലുള്ള നാലക്ക വണ്‍ടൈം പാസ്‌വേഡ് നമ്പര്‍ വായിച്ചു കേള്‍പ്പിക്കാനുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ഈ നമ്പര്‍ പറഞ്ഞതോടെ തങ്ങളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കപ്പെട്ടതായി മൊബൈലിലേക്കു സന്ദേശം വരികയുമായിരുന്നു. ചിലരോട് എടിഎം കാര്‍ഡ് നല്‍കിയ തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ ആണു ചോദിച്ചത്.

അക്കൗണ്ട് ഉടമകള്‍ ഇതു സംബന്ധിച്ച് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ഡല്‍ഹി, നോയിഡ എന്നിവിടങ്ങളിലാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന വിവരമാണ് ലഭിച്ചത്. പേ ടി എം, സിസി അവന്യൂ, ഫ്രീചാര്‍ജ് തുടങ്ങിയ സൈറ്റുകളിലൂടെയാണ് പണം തട്ടിപ്പ് നടന്നിട്ടുള്ളതെന്നു കണ്ടെത്തിയതായി ബാങ്ക് മാനേജര്‍ പറഞ്ഞു. ബാങ്ക് ശാഖകളില്‍ നിന്ന് ഒരിക്കലും എടിഎമ്മിന്റെ രഹസ്യവിവരങ്ങള്‍ക്കായി ബന്ധപ്പെടുകയില്ലെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രതയുണ്ടാകണമെന്നും ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts