ഓണം കഴിഞ്ഞിട്ടും കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം വൈകുന്നു

KTM-WASTEകോട്ടയം: ഓണം കഴിഞ്ഞിട്ടും കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചില്ലെന്നു പരാതി. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെ വരെ നല്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. 23 കരാര്‍ ജീവനക്കാരാണു കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നത്. എല്ലാമാസവും എട്ടാം തീയതിയ്ക്കു മുമ്പായി ശമ്പളം നല്കണമെന്നാണു ശുചീകരണത്തിനു കരാര്‍ എറ്റെടുത്തിരിക്കുന്ന കമ്പനിയോട് റെയില്‍വേയുടെ നലകിയിരിക്കുന്ന നിര്‍ദേശമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

എന്നാല്‍ മിക്കമാസങ്ങളിലും 15നുശേഷമാണു ശമ്പളം നല്കുന്നതെന്നു തൊഴിലാളികള്‍ ആരോപിച്ചു. സ്ത്രീ തൊഴിലാളികള്‍ക്കു മൂന്നു ഷിഫ്റ്റായിട്ടാണു ജോലി ചെയ്യുന്നത്. രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ 10 പേരും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രത്രി ഒമ്പതു വരെ 11 പേരും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ വരെ രണ്ടു പേരുമാണു ജോലി ചെയ്യേണ്ടത്. പ്രതിദിനം 246 രൂപയാണു ഇവര്‍ക്ക് ലഭിക്കുന്നത്. ദിവസവേതനാടിസ്ഥാനത്തിലാണു ഇവര്‍ക്ക് തൊഴില്‍ നല്കിയിരിക്കുന്നത്.

ആറുമാസം മുമ്പുവരെ എല്ലാമാസവും എട്ടാം തീയതിയോടനുബന്ധിച്ച് ബാങ്ക് അക്കൗണ്ടില്‍ തൊഴിലാളികളുടെ പേരില്‍ പണം നിക്ഷേപിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ശമ്പളം വളരെ വൈകിയാണു നല്കുന്നതെന്നു ജീവനക്കാര്‍ ആരോപിച്ചു. ഇവരുടെ ജോലി പരിശോധിക്കാന്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു സൂപ്പര്‍വൈസര്‍മാരെയും കമ്പനി നിയോഗിച്ചിട്ടുണ്ട്. സൂപ്പര്‍ വൈസര്‍മാര്‍ ഉള്‍പ്പെടെ 25 പേരെ ശുചീകരണത്തിനു കരാര്‍ ഏറ്റെടുത്തിരിക്കുന്ന കൊച്ചി ആസ്ഥാനമായ കമ്പനിയാണു നിയോഗിച്ചിരിക്കുന്നത്.

റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിയന്ത്രണത്തിലാണു ശുചീകരണപ്രവര്‍ത്തനങ്ങല്‍ നടക്കുന്നത്. റെയില്‍വേ ട്രാക്ക്, റെയില്‍ ഫഌറ്റ് ഫോം, പ്രധാനകവാടം, ഓട്ടോ സ്റ്റാന്‍ഡ്, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍, ഓഫീസ് റൂമുകള്‍ തുടങ്ങിയവ ഇവരാണു വൃത്തിയാക്കേണ്ടത്. റെയില്‍വേ ട്രാക്കും ഫഌറ്റ് ഫോമും വൃത്തിയാക്കുന്നത് അപകടസാധ്യത കൂടുതലാണ്. കൂട്ടമായി ജോലി ചെയ്യാന്‍ അനുവദിക്കാറില്ല. റെയില്‍വേ ട്രാക്ക് ക്ലീനിംഗ് ചെയ്യുന്നത് ഏറെ അപകടകരമാണെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.

ഏറെ കഷ്ടപ്പെട്ടിട്ടും 5500 രൂപയില്‍ കൂടുതല്‍ പ്രതിമാസം ശമ്പളം ലഭിക്കാറില്ലെന്നും ഇത് ലഭിക്കുന്നതാകട്ടെ വൈകിയാണെന്നും തൊഴിലാളികള്‍ പറയുന്നു.  മുന്‍വര്‍ഷങ്ങളില്‍ ഓണത്തിനു തുശ്ചമായ തുക ബോണസായും നല്കിയിരുന്നു. ഇത്തവണ ബോണസും നല്കിയില്ലെന്നു പറയുന്നു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച ജീവനക്കാര്‍ക്ക് ഓണത്തിനു തലേന്നു 4000 രൂപ നല്കിയെങ്കിലും ശമ്പളം ലഭിക്കുമ്പോള്‍ തിരികെ നല്കണമെന്നാണു കരാര്‍ കമ്പനിക്കാര്‍ വ്യക്തമാക്കിയത്. ശമ്പളം എല്ലാമാസവും അഞ്ചാം തീയതിയ്ക്കു മുമ്പായി ലഭിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Related posts