കരുനാഗപ്പള്ളി: 2009 ലെ പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും ഇനിയും വിമുക്തമാകാത്ത നാടിനെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്പെട്ടങ്കിലും വന്‍ അപകടം ഒഴിവായി.പുത്തന്‍തെരുവ് ഗ്യസ് ടാങ്കര്‍ ദുരന്തസ്ഥലത്തിന് 600 മീറ്ററകലെയാണ് ഇന്നലെ പുലര്‍ച്ചെ കഴക്കൂട്ടത്തെ ഭാരത് ഗ്യാസ് ഗോഡൗണിലേക്ക് പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്.
ദേശീയപാതയില്‍ വവ്വാക്കിന് വടക്കുവശം വച്ചായിരുന്നു അപകടം. രാത്രിയില്‍ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.എതിര് ദിശയില്‍ നിന്നും വാഹനങ്ങള്‍ കടത്തി വിടുന്നതനായി സിഗ്നല്‍ നല്കുന്നതിനിടയില് ടാങ്കര്‍ ലോറിക്ക് മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് നിര്‍ത്തി.ഇത് കണ്ട ലോറി ഡ്രൈവര്‍ കാറില്‍ തട്ടാതിരിക്കാന്‍ ലോറി വെട്ടിക്കുന്നതിനടയില് സമീപത്തെ താഴ്ചയിലേക്ക് ഇറങ്ങിയ ലോറി കടയിലേക്ക് പാഞ്ഞുകയറി നില്‍ക്കുകയായിരുന്നു.
ഉച്ചത്തിലുള്ള ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്സും പാചകവാതക ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കുകയും വാഹനത്തിന് പോലീസ് കവല് ഏര്‍പ്പെടുത്തുകയും ചെയ്തു.ചവറ കെഎംഎംഎല്ലില്‍ നിന്നും സേഫ്റ്റി ഓഫീസര്‍മാരും എത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള വിദഗ്ധ സംഘവും സ്ഥലത്തെത്തി ലോറിയില്‍ നിന്നും പാചവകാത ടാങ്കര്‍ വേര്‍പെടുത്തി മറ്റൊരു ലോറിയില്‍ കഴക്കൂട്ടത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തമിഴ് നാട് സ്വദേശിയായ ഡ്രൈവര്‍ പൊന്നമ്പലം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഗ്യാസ് ടാങ്കര്‍ ലോറി അപകത്തില്‍ പ്പെട്ടവിവരം നാടിനെ ഏറെ നേരം പരിഭ്രാന്തിയിലാക്കായിരുന്നു. 2009 ഡിസംബര്‍ 31ന് ദേശീയപാതയില്‍ പുത്തന്‍തെരുവില്‍ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ പാചകവാതക ടാങ്കര്‍ ലോറി പൊട്ടിതെറിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരടക്കം 12 ജീവനുകളാണ് ഇവിടെ നഷ്ടമായത്. കൂടാതെ നിരവധി വാഹനങ്ങളും കടകളും വീടുകളും കത്തിയമര്‍ന്നിരുന്നു.ചാല, കരുനാഗപ്പള്ളി ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ശേഷം വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാരും കിളിയും വേണമെന്ന നിര്‍ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഇന്നലെ കരുനാഗപ്പള്ളിയില്‍ അപകടത്തില്‍പ്പെട്ട് ടാങ്കര്‍ ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.