കാലവര്‍ഷവും തുലാമഴയും ചതിച്ചു; ഡാമുകള്‍ വരളുന്നു; കര്‍ഷകര്‍ ആശങ്കയില്‍

tcr-dam-waterവടക്കാഞ്ചേരി: കാലവര്‍ഷവും തുലാമഴയും ചതിച്ചതോടെ ജില്ലയിലെ പ്രധാന ഡാമുകളെല്ലാം വറ്റിവരളുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അണക്കെട്ടുകളിലെല്ലാം പകുതിയില്‍ താഴെ മാത്രമേ വെള്ളമുള്ളൂ. ഒക്ടോബര്‍ മാസം അവസാനിക്കാറായിട്ടും മഴ മേഘങ്ങള്‍ വഴിമാറുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. കൊടുംചൂടില്‍ കൃഷിയിടങ്ങള്‍ വരണ്ടുണങ്ങുകയാണ്. ഇനിയും തുലാമഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും. സംസ്ഥാനത്തെ മണ്ണുകൊണ്ട് നിര്‍മിച്ച പ്രധാന ഡാമുകളിലൊന്നായ വാഴാനി ഡാമിലെ സ്ഥിതി പരിതാപകരമാണ്. 12 ദിവസത്തേക്ക് വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ അണക്കെട്ടില്‍ ശേഷിക്കുന്നുള്ളുവെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നു.

ഡാമിന്റെ സംഭരണശേഷി 18.15 മില്യണ്‍ ക്യുബിക് മീറ്ററാണ്. ചളിയും മണലും അടിഞ്ഞു കൂടിയതു കൂടി കണക്കാക്കിയാല്‍ 16.65 മില്യണ്‍ ക്യൂബിക് മീറ്ററാവും. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് വാഴാനിയില്‍ 11.10 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം 3.11 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം മാത്രമാണ് ഉള്ളത്. മലയോര കാര്‍ഷിക മേഖലയായ തെക്കുംകര പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും കടുത്ത വരള്‍ച്ചയനുഭവപ്പെട്ടതിനാല്‍ ഒരാഴ്ചയോളം ഡാമിന്റെ പ്രധാന കനാലിലൂടെ വെള്ളം തുറന്നു വിട്ടിരുന്നു. അതും ഇപ്പോള്‍ നിര്‍ത്തലാക്കി.

താരതമ്യേന സംഭരണ ശേഷി കുറവുള്ള പൂമല ഡാമില്‍ മാത്രമാണ് പേരിനെങ്കിലും വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്. പൂമലയില്‍ 2015 ഒക്ടോബറില്‍ 27.10 അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം മറ്റ് ആവശ്യങ്ങള്‍ക്ക് ഡാം തുറന്നു കൊടുക്കാതെ വെള്ളം പിടിച്ചിട്ടതിനാല്‍ നിലവില്‍ 26.20 അടി വെള്ളമുണ്ട്. രണ്ടാംവിളയുടെ ആരംഭത്തോടെ വെള്ളം തുറന്നു വീടുന്നതോടെ പൂമല ഡാമും കാലിയാകും. ദിവസങ്ങള്‍ക്കുള്ളില്‍ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ് പ്രതീക്ഷക്കു വക നല്‍കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

Related posts