തൃശൂര്‍: അനുഷ്ഠാനകലകളുടെ ആത്മഭാവത്തിനപ്പുറത്ത് എരിഞ്ഞടങ്ങുന്ന കലാകാരന്റെ നെടുവീര്‍പ്പുകളെ ദൃശ്യവത്കരിച്ച കുഞ്ഞാറന്‍ എന്ന ഹ്രസ്വചിത്രത്തിന് പാര്‍ട്ട് ഒഎന്‍ഒ ഫിലിംസിന്റെ മൂന്ന് പി.ജെ. ആന്റണി സ്മാരക അവാര്‍ഡുകള്‍. 30 മിനുറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട്ഫിലിം വിഭാഗത്തിലാണ് കുഞ്ഞാറന്‍ മൂന്ന് അവാര്‍ഡുകള്‍ നേടിയത്. തൃശൂര്‍ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥനായ കെ.കെ.അശോകന്റെ അഞ്ചാമത്തെ ചിത്രമായ കുഞ്ഞാറനില് ടൈറ്റില്‍ കഥാപാത്രമായി വേഷമിട്ട എല്‍ഐസിയിലെ ഡെവലപ്മെന്റ് ഓഫീസറായ എം.ഡി.രാജ്മോഹന്‍ മികച്ച നടനുളള പുരസ്കാരം നേടി.
കുഞ്ഞാറന്റെ ക്യാമറ കൈകാര്യം ചെയ്ത ഷാന്‍ റഹ്മാന് മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡും ജസ്റ്റിന് വര്‍ഗീസ് മികച്ച സംഗീതത്തിനുള്ള അവാര്‍ഡിനും അര്‍ഹനായി. ഉത്സവപ്പറമ്പുകളിലെ തെയ്യക്കോലങ്ങളുടെ ചമയപ്പുരകളിലേക്കും ചമയങ്ങളില്ലാത്ത ജീവിതക്കാഴ്ചകളിലേക്കുമാണ് കുഞ്ഞാറന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇതിനകം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച് പുരസ്കാരങ്ങളും പ്രശംസയും പിടിച്ചുപറ്റിയ കുഞ്ഞാറന്‍ തെയ്യക്കോലങ്ങളില്‍ സ്വയം മറന്ന് ദൈവമാകുന്ന പച്ചമനുഷ്യന്റെ ജീവിത സ്പന്ദനമാണ്.